crime-cash

പത്തനംതിട്ട : കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാമെന്ന് പറഞ്ഞ് കോളനികളിൽ കയറിയിറങ്ങി പണംതട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ആറൻമുള പഞ്ചായത്തിലെ എഴിക്കാട് കോളനി, മാലക്കര, കളരിക്കോട്, കൊടുമൺ, ഏഴംകുളം പഞ്ചായത്തുകളിലെ കോളനികൾ എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളുടെ പണം തട്ടിയെടുത്തു. പെരുമ്പാവൂർ മാതാ ഫിനാൻസ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. സ്ഥാപനത്തിന്റെ പ്രതിനിധികളായി കോളനികളിൽ എത്തിയവരാണ് പണം തട്ടിയെടുത്തത്. അവർ നൽകിയ വിസിറ്റിംഗ് കാർഡുകളിലെ ആൻഡ്രൂസ്, ജോൺസൺ എന്നിവരുടെ പേരിലുള്ള ഫോൺനമ്പരുകളിൽ വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഒാഫ് ആണെന്ന് കോളനിനിവാസികൾ പറയുന്നു.

പുരുഷൻമാർ ജോലിക്ക് പോകുന്ന പകൽ സമയങ്ങളിലാണ് സ്ഥാപനത്തിന്റ പ്രതിനിധികൾ എന്നു പരിചയപ്പെടുത്തുന്നവർ കോളനികൾ സന്ദർശിക്കുന്നത്. പത്ത് സ്ത്രീകൾ അടങ്ങുന്ന ഒരുയൂണിറ്റ് രൂപീകരിച്ചാൽ ഒാരോരുത്തർക്കും 50,000 രൂപ വായ്പ നൽകുമെന്ന് പറയും. മാസം 1900 രൂപ വീതമാണ് തിരിച്ചടയ്ക്കേണ്ടത്. 30 മാസംകൊണ്ട് അടവ് പൂർത്തിയാക്കണം. യൂണിറ്റ് അംഗങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, ഫോട്ടോ എന്നിവ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കി. യൂണിറ്റുകളു‌ടെ രജിസ്ട്രേഷനും മറ്റുമായി ഫീസിനത്തിൽ ഒരാേരുത്തരിൽ നിന്ന് 750 രൂപ വീതം വാങ്ങിയെടുത്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ വിഘ്നേശ്വരൻ, സിദ്ദിഖ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് സ്ത്രീകൾ പണം നിക്ഷേപിച്ചത്. ഫീസ് അടച്ചുകഴിഞ്ഞ് വായ്പാതുക അഞ്ച് ദിവസത്തിനുള്ളിൽ വീടുകളിൽ എത്തിക്കുമെന്നായിരുന്നു സ്ഥാപന പ്രതിനിധികളുടെ ഉറപ്പ്. എന്നാൽ, രണ്ടാഴ്ചയാകാറായിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് ഫോൺനമ്പരുകളിൽ വിളിച്ചപ്പോൾ സ്വിച്ച് ഒാഫ് എന്ന മറുപടിയാണ് ലഭിച്ചത്. തട്ടിപ്പുസംഘങ്ങൾ നൽകിയ അക്കൗണ്ട് നമ്പരുകൾ ബാങ്കുകളിൽ കാണിച്ച് പരിശോധിച്ചപ്പോൾ അതിൽനിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി.

എഴിക്കാട് കോളനിയിൽ ഒൻപതും മാലക്കര, കളരിക്കോട് പ്രദേശങ്ങളിൽ മൂന്നും യൂണിറ്റുകളാണ് സ്ത്രീകളുടെ നേതൃത്വത്തിൽ രൂപീകരിച്ചത്. 120 സ്ത്രീകളുടെ പണം നഷ്ടമായി. ഇന്ന് പാെലീസിൽ പരാതി നൽകുമെന്ന് പണം നഷ്ടപ്പെട്ടവർ പറഞ്ഞു. കൊടുമൺ, ഏഴംകുളം പഞ്ചായത്തുകളിൽ സ്ത്രീകളുടെ യൂണിറ്റ് രൂപീകരിച്ചെങ്കിലും പണം നഷ്ടപ്പെട്ടവർ കുറവാണ്.

ആറൻമുള എഴിക്കാട്, മാലക്കര, കളരിക്കോട് കോളനികളിൽ

നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു