 
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതുനൽകുന്ന 238 -ാമത് സ്‌നേഹഭവനം തട്ട പ്രാർത്ഥനയിൽ വിധവയായ ശ്രീജയ്ക്കും അഞ്ച് വയസുള്ള മകൾ പ്രാർത്ഥനയ്ക്കും കൈമാറി.
വീട് നിർമ്മാണത്തിന് സഹായമൊരുക്കിയ പത്തനംതിട്ട കല്ലുപുരയ്ക്കൽ ഡോ.കെ.വി.മാമനും ഭാര്യ പി.ടി.കുഞ്ഞമ്മയും ചേർന്ന് താക്കോൽദാനം നിർവഹിച്ചു. ഏറെക്കാലമായി വീടില്ലാത്ത അവസ്ഥയിലായിരുന്നു ശ്രീജയും മകളും. ശ്രീജയുടെ കൂട്ടുകാർ താൽക്കാലികമായി വച്ചുനൽകിയ കുടിലിൽ രാത്രിയിൽ വെളിച്ചംപോലുമില്ലാതെ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ മറ്റൊരു വീട്ടിലായിരുന്നു അമ്മയും മകളും അന്തിയുറങ്ങിയിരുന്നത്. രണ്ടുമുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീടാണ് പണിത് നൽകിയത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, വാർഡ് മെമ്പർ ദിവാകര പണിക്കർ, കെ.പി.ജയലാൽ, റാണി സജി, സജി, രജിത.എസ് എന്നിവർ പ്രസംഗിച്ചു.