
പത്തനംതിട്ട : കൊടുമൺ അങ്ങാടിക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ചവർക്കെതിരെ സി.പി.എം നടപടിയെടുക്കാത്തതിൽ സി.പി.എെയ്ക്ക് അമർഷം. സി.പി.എെയുടെ ബ്രാഞ്ച് സമ്മേളനങ്ങളിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എൽ.ഡി.എഫ് യോഗങ്ങളിൽ നിന്ന് സി.പി.എെ വിട്ടുനിൽക്കണമെന്ന് ചർച്ചകളിൽ പ്രവർത്തകർ ആവശ്യപ്പെട്ടു.
സംഘർഷമുണ്ടായത് ജനുവരി 16നാണ്. ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എെ ഒറ്റയ്ക്ക് മത്സരിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സി.പി.എെ നേതാക്കൾക്കും പ്രവർത്തകർക്കും സി.പി.എം, ഡി.വൈ.എഫ്.എെ പ്രവർത്തകരുടെ മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. സി.പി.എെ നേതക്കാളെ നടുറോഡിൽ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്ന് ഇരുപാർട്ടികളുടെയും സംസ്ഥാനഘടകങ്ങളുടെ നിർദേശപ്രകാരം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.എെ ജില്ലാസെക്രട്ടറി എ.പി.ജയൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ ഇതുവരെ നടപ്പായില്ല. അക്രമങ്ങളെ അപലപിച്ച സി.പി.എം തങ്ങളുടെ പ്രവർത്തകരുടെ ഭാഗത്തെ വീഴ്ചകൾ പരിശോധിച്ച് നടപടിയെടുക്കമെന്ന് സി.പി.എെയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ചർച്ച നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ സി.പി.എെ പ്രതിനിധികൾ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ദിവസം രാത്രിയിൽ സി.പി.എം, ഡി.വൈ.എഫ്.എെ പ്രവർത്തകർ സി.പി.എെക്കാരുടെ വീടുകളും വാഹനങ്ങളും തകർത്തിരുന്നു. ജനാലച്ചിലുകൾ തകർത്ത് കിണറ്റിലിട്ടതായും പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു. സംഘർഷത്തിൽ സി.പി.എെ പ്രവർത്തകർക്കെതിരെ മാത്രം കേസെടുത്തെന്ന് ആക്ഷേപമുണ്ടായി. സി.പി.എമ്മുകാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തിൽ പ്രതിഷേധിച്ച് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ സി.പി.എെ പ്രവർത്തകർ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ജില്ലാസെക്രട്ടറി എ.പി.ജയനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹനും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.