പത്തനംതിട്ട : പത്തനംതിട്ടയിലെ ആദ്യകാല മാദ്ധ്യമ പ്രവർത്തകരിൽ ഒരാളാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ റോയി നെല്ലിക്കാല. എന്നും നിറഞ്ഞ ചിരിയോടെ കാണപ്പെട്ട സൗമ്യനായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് പത്രപ്രവർത്തനം പത്തനംതിട്ടയിൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഏതാനും പേർ മാത്രമാണ് പത്ര റിപ്പോർട്ടർമാരായി പത്തനംതിട്ടയിൽ ഉണ്ടായിരുന്നത്. അതിലെ പ്രമുഖനായിരുന്നു റോയി നെല്ലിക്കാല. കേരളഭൂഷണം ലേഖകനായിരുന്ന റോയി മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ ജില്ലാ ഘടകം രൂപീകരിക്കുന്നതിന് മുൻപ് പത്തനംതിട്ട പ്രസ് ക്ളബ് എന്ന സംഘടനയുണ്ടാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു റോയി.
പ്രസ് ക്ളബ് ഉദ്ഘാടനത്തിന് തകഴി ശിവശങ്കരപ്പിള്ളയെ പത്തനംതിട്ടയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നതിലും റോയി നെല്ലിക്കാലയുടെ പങ്ക് വിസ്മരിക്കാനാകാത്തതാണ്. ചടങ്ങിൽ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറും സാഹിത്യകാരനുമായ കെ.എസ്.കൃഷ്ണനും ജഗതി എൻ.കെ ആചാരിയും പ്രസംഗിക്കാനുണ്ടായിരുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു യോഗം ചേർന്നത്. പത്രപ്രവർത്തകനായിരിക്കുമ്പോഴും മികച്ച സംഘാടകൻ കൂടിയായിരുന്നു റോയി നെല്ലിക്കാല. ആദ്യകാല പത്ര റിപ്പോർട്ടർമാരുടെ മനസിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.