
തിരുവല്ല : മധ്യതിരുവിതാംകൂറിൽ കർഷകസമൂഹത്തിനായി സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അടിസ്ഥാനവർഗത്തിന്റ ഉന്നമനത്തിനായ് പ്രവർത്തിക്കുകയും അവഗണിക്കപ്പെട്ട ക്ഷീരകർഷകരുടെ സംരക്ഷകനായി മാറുകയും ചെയ്ത നേതാവായിരുന്നു ജോൺ ജേക്കബ് വള്ളക്കാലിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജോൺ ജേക്കബ് വള്ളക്കാലിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്മൃതിപദങ്ങൾ എന്ന ജോൺ ജേക്കബ് വള്ളക്കാലിയുടെ ആത്മകഥ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പ്രകാശനം ചെയ്തു. സ്മാരകഹാൾ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാച്ഛാദനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.എൻ.ഷൈലാജ്, അനീഷ് വരിക്കണ്ണാമല, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി റോബിൻ പരുമല, ഡി.സി.സി ജനറൽസെക്രട്ടറി സതീഷ് ചാത്തങ്കേരി, രാജേഷ് ചാത്തങ്കേരി, റെജി തർക്കോലിൽ, ജോസ് പ്രകാശ്, ശിവദാസ് യു.പണിക്കർ, ജിബി കെ.ജോസ്, റെജി തൈക്കടവിൽ, കെ.പി.ഗോപി, വർഗ്ഗീസ് എം.അലക്സ്, വിശാഖ് വെൺപാല,അഭിലാഷ് വെട്ടിക്കാട്ടിൽ, അരുന്ധതി അശോക്, നിഷ അശോകൻ, ലിജി ആർ.പണിക്കർ എന്നിവർ പ്രസംഗിച്ചു.