
മാരാമൺ : സാമൂഹികമായ പ്രതിസന്ധികളെ ആദ്ധ്യാത്മികതയുടെ പിൻബലത്തിൽ നേരിടണമെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. മാരാമൺ കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മനസുകൾക്കുണ്ടാകുന്ന പരിവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ ദൃഢപ്പെടുകയും ഇതിലൂടെ പരസ്പര സ്‌നേഹത്തിൽ അടിസ്ഥാനപ്പെട്ട പുതിയ ആദ്ധ്യാത്മികത രൂപപ്പെടുകയും വേണം. ഭൗതികതയുടെ അതിപ്രസരവും ദ്രവ്യാഗ്രഹവും കാരണം അയൽപക്ക ബന്ധങ്ങൾ ഇല്ലാതെയായി. മതങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നു. സമൂഹത്തിൽ പടരുന്ന വിഭാഗീയത ഇല്ലാതാകണമെങ്കിൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. റവ.ജോൺ സാമുവൽ പൊന്നുസ്വാമി മുഖ്യസന്ദേശം നൽകി. ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് നന്ദി പറഞ്ഞു.
കെ.സി.സി വൈസ് പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മാർത്തോമ്മ സഭയിലെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഐസക് മാർ പീലക്‌സിനോസ്, ഏബ്രഹാം മാർ പൗലോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, മാത്യൂസ് മാർ മക്കാറിയോസ്, തോമസ് മാർ തീത്തോസ്, മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ്, വി. ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായൺ, തോമസ് കെ. തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.