
കോന്നി : ജില്ലയുടെ കിഴക്കൻ മലയോരമേഖലകളിൽ കോലിഞ്ചിയുടെ വിളവെടുപ്പ് കാലമാണിത്. പ്രധാനമായും ഫെബ്രുവരി , മാർച്ച് , ഏപ്രിൽ മാസങ്ങളിലാണ് കോലിഞ്ചി വിളവെടുക്കുന്നത്. തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിൽ നിരവധി കോലിഞ്ചി കർഷകരാണുള്ളത്. പാകമായ കോലിഞ്ചി കിളച്ചെടുത്ത് ഉണക്കി വിൽക്കുന്ന തിരക്കിലാണ് കർഷകരിപ്പോൾ. മഴ ആരംഭിച്ച് ജൂൺ, ജൂലായ് മാസങ്ങളിലാണ് കൃഷി തുടങ്ങുന്നത്. വന്യമൃഗങ്ങൾ നശിപ്പിക്കാത്ത കൃഷിയെന്ന പ്രത്യേകതയും ഇതിലേക്ക് കർഷകരെ ആകർഷിക്കുന്നു.
കിളച്ചെടുത്ത കോലിഞ്ചി വേരുകൾ നീക്കംചെയ്ത് 9 ദിവസം വെയിലിൽ ഉണക്കിയെടുക്കും, ഉണക്കുപിഴച്ചാൽ പൂപ്പൽ ബാധിച്ച് പൊടിയും.
രാജ്യാന്തര വിപണിയിൽ മികച്ച വിലയുണ്ടെങ്കിലും നാട്ടിലെ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലായെന്ന പരാതിയുണ്ട്. ഒരു മീറ്റർ അകലത്തിൽ കുഴികളെടുത്താണ് കോലിഞ്ചി നടുന്നത്. ചെടി ഏഴടിയോളം ഉയരത്തിൽ വളരും. സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കർഷകർക്ക് സബ്‌സിഡി നൽകുന്ന പദ്ധതി കഴിഞ്ഞവർഷം സർക്കാർ ആരംഭിച്ചിരുന്നു. ഹെക്ടറിന് 21,500 രൂപയാണ് സബ്സിഡിയായി ലഭിക്കുക. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് കൂടുതൽ നേട്ടം എത്തിക്കുകയാണ് ലക്‌ഷ്യം. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ്, ഇന്തോനേഷ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും കോലിഞ്ചി കൃഷിചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഔഷധിയ്ക്ക് മാത്രം മുപ്പത്തിയാറ് ടൺ കോലിഞ്ചി വർഷം തോറും ആവശ്യമായിവരുന്നു. ഇഞ്ചിയുടെ വർഗത്തിലുള്ള ഇന്ത്യൻ വംശജനായ കാട്ടുചെടിയായ കോലിഞ്ചി ഷാംപൂ നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനാൽ ഷാംപൂ ജിഞ്ചർ എന്ന പേരിലും അറിയപ്പെടുന്നു.
ചിറ്റാറിൽ സംഭരണകേന്ദ്രം
നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്, സംസ്ഥാന ഹോൾട്ടി കൾച്ചറൽ മിഷൻ എന്നിവയുടെ സഹായത്തോടെ ചിറ്റാറിൽ കോലിഞ്ചി സംഭരണകേന്ദ്രം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ആയുർവേദ, സിദ്ധമരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കുന്നു.
കോലിഞ്ചിയുടെ വില
10.5 കിലോയ്ക്ക് : 1200 രൂപ
കർഷകർക്ക് ലഭിക്കുന്ന സബ്സിഡി
ഹെക്ടറിന് 21,500 രൂപ