jalajeevan

പത്തനംതിട്ട : എല്ലാകുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ ജലജീവൻ പദ്ധതി നടപ്പാക്കുന്നതിൽ ജില്ല പിന്നിൽ. രണ്ടു വർഷം തികഞ്ഞ പദ്ധതി ജില്ലയിൽ 40ശതമാനത്തോളമാണ് പൂർത്തിയായത്. 2024ൽ പൂർത്തിയാക്കേണ്ട പദ്ധതിയോട് ജില്ലയിലെ പല പഞ്ചായത്തുകളും ഫണ്ടില്ലെന്ന് പറഞ്ഞ് മുഖം തിരിച്ചുനിൽക്കുകയാണ്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവീടുകളിലും വെള്ളം എത്തിക്കുന്നതാണ് ജലജീവൻ പദ്ധതി.

കടുത്തവേനലിൽ കിണറുകൾ വറ്റി കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജലവിതരണ പൈപ്പുലൈനുകളാണ് ആശ്രയം. പൈപ്പ് ലൈനുകൾ ഉള്ള പ്രദേശങ്ങളിൽ എല്ലാദിവസവും വെള്ളം എത്തുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്.

സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഗ്രാമപഞ്ചായത്തുകൾ പദ്ധതി നടപ്പാക്കാൻ വിമുഖത കാണിക്കുമ്പോൾ വാട്ടർ അതോറിറ്റിയിലെ കരാറുകാരും ഇടനിലക്കാരും അവസരം മുതലെടുക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് കണക്ഷൻ എടുക്കുന്നതിന് ഒരു വീട്ടിൽ നിന്ന് ദൂരപരിധി അനുസരിച്ച് 7500 മുതൽ 25000 വരെ തുക ഇൗടാക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇത്രയും ചെലവില്ലെങ്കിലും കരാറുകാരും ഇടനിലക്കാരും വീട്ടുകാരുമായി നേരിട്ട് ഇടപാട് നടത്തിയാണ് കൊള്ള നടത്തുന്നത്.

ജലജീവൻ പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും പഞ്ചായത്തുകളുടെയും ഫണ്ടുകൾ ഉപയോഗിച്ചാണ്. വീട്ടുകാർ 10ശതമാനം മാത്രം തുക നൽകിയാൽ മതി. ഒരു വീട്ടുകാർ ദൂരപരിധി അനുസരിച്ച് പരമാവധി ആയിരം രൂപ വരെ നൽകിയാൽ മതിയാകും. ജലജീവൻ പദ്ധതി നടപ്പാക്കുന്നത് വാട്ടർ അതോറിറ്റിയാണെങ്കിലും നിർവഹണം ഗ്രാമപഞ്ചായത്തുകളാണ്.

പണമില്ലാത്തതിനാൽ പഞ്ചായത്തുകൾ മടിക്കുന്നു

ജലജീവൻ പദ്ധതിയുടെ 15ശതമാനം തുക ചെലവഴിക്കേണ്ടത് ഗ്രാമ പഞ്ചായത്തുകളാണ്. കൂടാതെ കിണർ, ജലശുദ്ധീകരണ പ്ളാന്റുകൾ, ടാങ്കുകൾ എന്നിവ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിക്കൊടുക്കുകയും വേണം.

കണക്ഷൻ വേഗത്തിൽ

ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുണ്ടെങ്കിൽ അപേക്ഷപോലും നൽകേണ്ട. വാർഡ് അംഗം മുഖേന വാട്ടർ അതോറിറ്റിയിൽ അറിയിച്ചാൽ കണക്ഷൻ ലഭിക്കും. റോഡിൽ നിന്ന് വീട്ടിലേക്കുള്ള പൈപ്പുകളുടെ ചെലവിൽ ഒരു വിഹിതം മാത്രം അടച്ചാൽ മതി. ഇടനിലക്കാരുടെ ചൂഷണമില്ല.

വിവരങ്ങൾ അറിയാൻ ടോൾ ഫ്രീ നമ്പർ : 1916

ഇതുവരെയുള്ള കണക്ഷനുകൾ

വാട്ടർ അതോറിറ്റി തിരുവല്ല ഡിവിഷൻ

നൽകിയത് : 17876

നൽകാനുള്ളത് : 79259

അടൂർ ഡിവിഷൻ

നൽകിയത് : 7000

നൽകാനുളളത് : 1,26,112

പത്തനംതിട്ട ഡിവിഷൻ

നൽകിയത് : 9912

നൽകാനുള്ളത് : 38000

പദ്ധതി തുക ഇങ്ങനെ

കേന്ദ്ര വിഹിതം : 50%

സംസ്ഥാനം : 25%

പഞ്ചായത്തുകൾ : 15%

ഗുണഭോക്താക്കൾ : 10%