school

പത്തനംതിട്ട : കൊവിഡ് തീർത്ത പ്രതിസന്ധികളെ മറികടന്ന് സ്കൂളുകളിൽ പൂർണസമയ അദ്ധ്യയനം ആരംഭിച്ചു. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികൾക്ക് പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. ഇനി മുതൽ എല്ലാസ്കൂളിലും മുഴുവൻ കുട്ടികളും ക്ലാസിൽ ഹാജരാകും. ഇതിൽ ഇതുവരെ സ്കൂളിൽ പോയിട്ടില്ലാത്ത കുട്ടികൾ വരെയുണ്ട്. കൊവിഡ് സാഹചര്യത്തിൽ പ്രീപ്രൈമറിയിൽ സ്കൂളിൽ പഠിക്കാൻ കഴിയാതെ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികൾ നിരവധിയുണ്ട്.

ഒന്നുംരണ്ടും ക്ലാസുകളിലെ കുട്ടികൾ നവംബർ ഒന്നിന് സ്കൂളിലെത്തിയിരുന്നു. വീണ്ടും കൊവിഡ് വ്യാപനത്തെ തുടർന്ന് അദ്ധ്യയനം മുടങ്ങി. ശേഷം ഇന്നലെയാണ് മുഴുവൻ കുട്ടികളും സ്കൂളുകളിലെത്തുന്നത്. ഓൺലൈൻ സ്ക്രീനിലെ മുഖവും ശബ്ദവും ഓർത്തെടുത്താണ് കുട്ടികൾ കൂട്ടായത്. ഉച്ചയ്ക്ക് എല്ലാ സ്കൂളുകളിലും സദ്യ ഒരുക്കിയിരുന്നു.

ക്ലാസില്ലാത്തതിനാൽ പാഠഭാഗങ്ങൾ പലതും തീർക്കാനാവാത്ത സാഹചര്യത്തിലാണ് സ്കൂളുകൾ തുറന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ നവംബറിലാണ് സ്കൂളുകൾ ആദ്യമായി തുറക്കുന്നത്. പിന്നീട് കൊവിഡ് രൂക്ഷമായപ്പോൾ അടച്ചു. ശേഷം കഴിഞ്ഞ തിങ്കളാഴ്ച ക്ലാസുകൾ തുടങ്ങി. ഇന്നലെ പൂർണമായും ക്ലാസുകൾ ആരംഭിച്ചു. അദ്ധ്യാപകരിൽ പലരും വാക്സിനെടുക്കാത്തതും അദ്ധ്യാപകരിൽ കൊവിഡ് രൂക്ഷമായതും ചർച്ചയായിരുന്നു. നിലവിൽ ജില്ലയിലെ സാഹചര്യങ്ങളിൽ ആശങ്കയില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നത്.