pets

പ്രമാടം : മൃഗസംരക്ഷണവകുപ്പിന്റെ പുതിയ നിബന്ധനകൾ കർശനമാക്കുന്നതോടെ നിരവധി പെറ്റ് ഷോപ്പുകൾക്ക് പൂട്ടുവീഴുമെന്ന് ആശങ്ക. അരുമകളായ വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ലൈസൻസ് നിബന്ധനകൾ കർശനമാക്കിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നടപടിയാണ് ചെറുകിട പെറ്റ് ഷോപ്പ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. പെറ്റ് ഷോപ്പുകൾ പ്രൊഫഷണൽ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏർപ്പെടുത്തിയ നിബന്ധനകൾ ഏപ്രിലിൽ നിലവിൽ വരും. ഇത് സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. ജില്ലയിൽ കൂടുതൽ വളർത്തുമൃഗ വില്പനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ചെറുകിട മേഖലയിലാണ്. കൊവിഡ് പ്രതിസന്ധികളിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി യുവതീയുവാക്കൾ ഈ മേഖലയിലേക്ക് ചേക്കേറിയിട്ടുണ്ട്.

ലൈസൻസ് ഫീസ് കുത്തനെ ഉയരും

വർഷത്തിൽ 20000 ത്തോളം രൂപയാണ് നികുതി ഇനത്തിൽ നിലവിൽ കച്ചവടക്കാർ സർക്കാരിലേക്ക് അടയ്ക്കേണ്ടത്. ഇതിന് പുറമെയാണ് പുതിയ ചട്ടപ്രകാരം ലൈസൻസ് ഫീസും വരുന്നത്. അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിന് ഫിഷറീസ് വകുപ്പിൽ നിന്ന് ഫീസ് അടച്ച് അനുമതി വാങ്ങണം. പക്ഷികളെയും മൃഗങ്ങളെയും വില്പന നടത്തുന്നതിന് 5000 രൂപയാണ് ഫീസ്. നിയമത്തിൽ പറയുന്ന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷങ്ങൾ വേറെയും വേണ്ടിവരും. ഓരോ ഇനം പക്ഷി, മൃഗം, മത്സ്യങ്ങൾ എന്നിവയ്ക്ക് പ്രത്യേകഫീസും നൽകണം. കടകളിൽ മൃഗസംരക്ഷണവകുപ്പ് പറയുന്ന നിയമങ്ങൾ അതേപടി പാലിച്ചാൽ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്ന് ഉടമകൾ പറയുന്നു.

പ്രധാന നിബന്ധനകൾ

1. കുട്ടികൾക്ക് വളർത്തുമൃഗങ്ങളെ വിൽക്കരുത്.

2. മൂന്ന് മാസം കൂടുമ്പോൾ വെറ്ററിനറി ഡോക്ടർ

പരിശോധന നടത്തിയ സർട്ടിഫിക്കേറ്റ് ഹാജരാക്കണം.

3. പക്ഷികൾക്ക് പറന്ന് നടക്കാനും വിശ്രമിക്കാനും

വിശാലമായ സംവിധാനങ്ങൾ വേണം.

4. നായകൾക്ക് തിരിച്ചറിയൽ മൈക്രോചിപ്പ് ഘടിപ്പിക്കണം.

5. രോഗബാധയുള്ളവയെ മാറ്റി പാർപ്പിക്കാൻ സൗകര്യം വേണം.

6. കട അടയ്ക്കുന്ന സമയങ്ങളിലും ജോലിക്കാൻ നിർബന്ധം.

7. ഇനം തിരിച്ച് വിലവിവരം പ്രദർശിപ്പിക്കണം.

പ്രതിസന്ധിയിലാകുന്നവർ

1. നായകളുടെ പ്രജനന, വില്പന സംരംഭങ്ങൾ.

2. പെറ്റ് ഷോപ്പുകൾ.

3. അലങ്കാര മത്സ്യഷോപ്പുകൾ.