പത്തനംതിട്ട: നിരപരാധിയായ മകനെ പത്തനംതിട്ട പൊലീസ് കള്ളക്കേസിൽ കുടുക്കിയതായി മാതാവിന്റെ പരാതി. മുണ്ടുകോട്ടയ്ക്കൽ പുത്തൻവീട്ടിൽ നിലോഫർ റഷീദിന്റെ മൂത്ത മകൻ പ്ലസ്ടു വിദ്യാർത്ഥിയായ പത്തൊമ്പതുകാരനെയാണ് പത്തനംതിട്ട സി.ഐയുടെ നേതൃത്വത്തിൽ കള്ളക്കേസിൽ കുടുക്കിയതെന്ന് മാതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌കൂളിൽ കുട്ടികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് പൊലീസ് കേസെടുത്തത്. കുട്ടികളുടെ സംഘർഷത്തിനിടെ പരിക്കേറ്റയാളുടെ ചികിത്സാച്ചെലവുകൾ തങ്ങൾ വഹിച്ചിരുന്നു. സ്‌കൂൾ അധികൃതർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതാണ്.
ചില സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിൽ പൊലീസിൽ പരാതി നൽകി കേസെടുപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ നിസ്‌കരിക്കാൻ പോയ മകനെ പൊലീസുകാർ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി.
വിവരം അറിഞ്ഞ് സ്റ്റേഷനിൽ എത്തിയ പിതാവിന് നേരെ സി.ഐ അസഭ്യം പറഞ്ഞ് ഫോൺ പിടിച്ചുവാങ്ങി.
നടപടി ക്രമങ്ങൾ പാലിക്കാതെ കുട്ടിയെ ജുവനെയ്ൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.
13 വർഷമായി പത്തനംതിട്ടയിൽ വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറക്കി വിടാൻ ശ്രമങ്ങൾ നടക്കുന്നതായും ഇവർ പറയുന്നു.