പന്തളം : വർഷങ്ങളായി മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന കുപ്പന്നൂർ തീരത്തിന് ശാപമോക്ഷം കിട്ടിയത് നാല് വർഷം മുൻപാണ്. അന്ന് കുളനട പഞ്ചായത്തിലെ മാന്തുക വാർഡ് ഒന്നിൽ ജനപ്രതിനിധി ജയചന്ദ്രന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളും വ്യക്തികളും ചേർന്നുള്ള കൂട്ടായ്മയുടെ ശ്രമ ഫലമായി മാലിന്യമുക്തമാക്കുകയായിരുന്നു. വഴിയോര വിശ്രമകേന്ദ്രമായി മാറിയ കുപ്പന്നൂരിൽ കുട്ടികൾക്ക് വിനോദത്തിനായുള്ള റൈഡുകൾ, ഇരിപ്പിടങ്ങൾ, വിശ്രമത്തിനായുള്ള ഹട്ടുകൾ, വിവിധതരത്തിലുള്ള ചെടികളും പൂക്കളും, കുടുംബശ്രീ കഫേകൾ എന്നിവ സ്ഥാപിച്ചതോടെ കുപ്പന്നൂരിന്റെ മുഖംതന്നെ മാറി. ധാരാളം സന്ദർശകർ കുടുംബത്തോടൊപ്പം ഒഴിവു സമയങ്ങൾ ചെലവിടാനായി വന്നെത്തി. ഈ കാലയളവിൽ കുപ്പന്നൂർ ചാൽ നവീകരണത്തിനായി റീ ബിൽഡ് പദ്ധതിയിൽ 2.18 കോടി രൂപ അനുവദിച്ചു. അതിന്റ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. റോഡ് പണിയുമായി ബന്ധപ്പെട്ട് കെ.എസ്.ടി പി താത്കാലികമായി എടുത്തു മാറ്റിയ റൈഡ്സുകളും ഹട്ടുകളും തൊട്ടപ്പുറത്തുള്ള ലയൺസ് ക്ലബ്ബ് പാർക്കിൽ ഇപ്പോൾ ഉപേക്ഷിച്ച നിലയിലാണ്. കുപ്പന്നൂർ വിശ്രമകേന്ദ്രം വീണ്ടും കാടുമൂടുമ്പോൾ നാട്ടുകാർ ആശങ്കയിലാണ്. വീണ്ടും കുപ്പന്നൂർ മാലിന്യ നിക്ഷേപകേന്ദ്രമായി മാറുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.