പത്തനംതിട്ട : പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ പുരോഗതിക്ക് സഹായകരമാകുന്ന പദ്ധതികളിൽ കാലതാമസം വരുത്തരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ജില്ലാതല സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവർഗ വിഭാഗത്തിലെ ജനതയുടെ പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. അങ്കണവാടികളുടെ വൈദ്യുതീകരണം, മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾക്ക് ഷീറ്റ് ഇടൽ, വിദ്യാർത്ഥികൾക്ക് താൽക്കാലിക പഠന മുറി വൈദ്യുതീകരണം എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് ഇവർക്കുള്ളത്. പദ്ധതിയിൽ വരുന്ന കാലതാമസം ഉണ്ടാകാതെ ഇവയെല്ലാം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ശ്രമം ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു. സി. മാത്യു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.