
പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല ബാലസഭ ശാസ്‌ത്രോൽസവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. കുട്ടികൾ കുടുംബശ്രീ ബാലസഭയിലൂടെ സാമൂഹ്യ വികസനത്തിനുതകുന്ന പ്രവർത്തനങ്ങളിലേക്ക് കടന്നു വരണമെന്നും ജാതിമത വർണ വിവേചനങ്ങൾക്ക് അതീതമായി നമുക്ക് ചുറ്റുമുള്ളവരെ മനുഷ്യനായി കണ്ട് പ്രവർത്തിക്കുവാൻ കുട്ടികൾ ആർജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂനിയർ വിഭാഗത്തിനായി നടത്തിയ ക്വിസ് മത്സരത്തിൽ പന്തളം ബ്ലോക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം അംഗങ്ങളായ മെഴുവേലി സി.ഡി.എസിലെ നന്ദന സജിത്ത് , പന്തളം സി.ഡി.എസിലെ കെ. ഷിഹാദ് ഷിജു എന്നിവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. രണ്ടും മൂന്നും സ്ഥാനങ്ങൾ കോയിപ്രം, കോന്നി ബ്ലോക്കുകൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിനായി സംഘടിപ്പിച്ച സയൻസ് വർക്കിംഗ് മോഡൽ മത്സരത്തിൽ ശ്വാസകോശത്തിന്റെ പ്രവർത്തന മാതൃക പ്രദർശിപ്പിച്ച മലയാലപ്പുഴ സി.ഡി.എസ് അശ്വനി നായർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ചിറ്റാർ സി.ഡി.എസിലെ ഷഹന, ആനിക്കാട് സി.ഡി.എസിലെ പി.എസ് ഗോകുലും കരസ്ഥമാക്കി. സമ്മാനർഹരായ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ.എച്ച് സലീന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാമൂഹ്യ വികസനം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ബി.എൻ ഷീബ ,ബ്ലോക്ക് കോ - ഓർഡിനേറ്റർ ഹരിത ഉണ്ണി , സാമൂഹ്യ വികസനം ബ്ലോക്ക് കോ - ഓർഡിനേറ്റർമാർ, സി.ഡി.എസ് തല ബാലസഭ ആർ.പിമാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.