temple
തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ അഷ്ടമംഗല്യ ദേവപ്രശ്നം തുടങ്ങിയപ്പോൾ

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതമറിയുന്നതിനായി അഷ്ടമംഗല്യ ദേവപ്രശ്നം ഇന്നലെ രാവിലെ തുടങ്ങി. ദേവസ്വം ദൈവജ്ഞരായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, ദേവിദാസ് ഇടയ്ക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല്യദേവപ്രശ്നം നടക്കുന്നത്. ക്ഷേത്രംതന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആനന്ദ് നാരായണൻ ഭട്ടതിരി രാശിപൂജ നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, അംഗം അഡ്വ.മനോജ് ചരളേൽ, ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത് കുമാർ, തിരുവാഭരണം കമ്മിഷണർ എസ്. അജിത്കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചടങ്ങുകൾ ആരംഭിച്ചു. മതിൽഭാഗം സൗപർണികയിൽ ജിജീഷ് കുമാർ-അർച്ചനാ വിജയൻ ദമ്പതികളുടെ മൂത്തപുത്രി അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ജന്മാ .ജി ആണ് വൃശ്ചികംരാശിയിൽ സ്വർണം വച്ചത്. ഇതേതുടർന്ന് ലക്ഷണങ്ങളും നിമിത്തങ്ങളും ചിന്തിച്ചു. ക്ഷേത്രത്തിലെ പ്രഥമ സ്ഥാനത്തുള്ളയാൾ തുളസിയിലയെടുത്ത് നിലവിളക്കിൽ നെയ് ഒഴിച്ച് ഒൻപത് തിരിയിട്ട് തെളിച്ചു. താംബൂലസംഖ്യ 27ആയിരുന്നു.
ദേവസ്വം അസി.കമ്മിണർ കെ.ആർ.ശ്രീലത, ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി ശ്രീകുമാർ ശ്രീപദ്മം, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ ഗണേശ് എസ്.പിള്ള, മോഹനകുമാർ, കെ.എ സന്തോഷ് കുമാർ, പി.എം നന്ദകുമാർ പിഷാരത്ത്, രാജശേഖരൻനായർ, രാജീവ് രഘു, വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ, ക്ഷേത്ര ജീവനക്കാരായ എസ്.ശാന്ത്, ആർ.ശ്രീകുമാർ നേതൃത്വം വഹിച്ചു. ഇന്ന് രാവിലെ 9ന് പ്രശ്നചിന്ത തുടരും. അഷ്ടമംഗല്യ ദേവപ്രശ്നം മൂന്നുദിവസംകൂടി തുടർന്നേക്കും.