cpm
കൊല്ലപ്പെട്ട സന്ദീപിന്റെ ഇളയകുഞ്ഞ് ഇസയെ കോടിയേരി ബാലകൃഷ്ണൻ താലോലിക്കുന്നു

തിരുവല്ല: കൊല്ലപ്പെട്ട സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി സന്ദീപ് കുമാറിന്റെ കുടുംബത്തിന് സി.പി.എം സമാഹരിച്ച സഹായനിധി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൈമാറി. സന്ദീപിന്റെ ഭാര്യ സുനിത, മകൻ നിഹാൽ (3), നാലുമാസം പ്രായമായ മകൾ ഇസ എന്നിവരുടെ പേരിൽ 25 ലക്ഷം രൂപ വീതവും സന്ദീപിന്റെ പിതാവ് രാജപ്പൻ, മാതാവ് ഓമന എന്നിവരുടെ പേരിൽ 10 ലക്ഷം രൂപ വീതവും കേരള ബാങ്കിൽ നിക്ഷേപിച്ചതിന്റെ സർട്ടിഫിക്കറ്റ് പെരിങ്ങരയിൽ നടന്ന സമ്മേളനത്തിൽ കൈമാറി. സാമ്പത്തിക സഹായത്തിന് പുറമെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്നും പെരിങ്ങരയിൽ സന്ദീപിന് ഉചിതമായ സ്മാരക മന്ദിരം നിർമ്മിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സന്ദീപിന്റെ നാലുമാസം പ്രായമുള്ള ഇളയകുഞ്ഞ് ഇസയെ കൈയ്യിലെടുത്ത് താലോലിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് കോടിയേരി മടങ്ങിയത്.

കേരളത്തെ ആർ.എസ്.എസ് കലാപഭൂമിയാക്കുന്നു: കോടിയേരി

കേരളത്തിൽ അരാജകത്വം സൃഷ്ടിച്ച് കലാപ ഭൂമിയാക്കി മാറ്റാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. . അടുത്ത 25 വർഷത്തെ വികസനം മുൻകൂട്ടിക്കണ്ടാണ് എൽ.ഡി.എഫ് സർക്കാർ പ്രവർത്തിക്കുന്നത്. സമാധാനമുള്ള സംസ്ഥാനങ്ങളിൽ മാത്രമേ വികസനം സാദ്ധ്യമാകൂ. കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറ‌ഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറംഗം കെ.ജെ.തോമസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അന്തഗോപൻ, മുതിർന്ന നേതാവ് ആർ.ഉണ്ണികൃഷ്ണപിള്ള, മുൻ എം.എൽ.എമാരായ എ.പദ്മകുമാർ, രാജു എബ്രഹാം, ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നേതാക്കളായ അഡ്വ.ആർ.സനൽകുമാർ, പി.ജെ.അജയകുമാർ, പി.ബി.ഹർഷകുമാർ, പി.ആർ.പ്രസാദ്, നിർമ്മല, പ്രമോദ് ഇളമൺ, സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.