ചെങ്ങന്നൂർ: വിദ്യാഭ്യാസത്തിൽ തൊഴിലധിഷ്ഠിത പരിശീലനം അനിവാര്യമാണെന്ന് പതിറ്റാണ്ടുകൾക്കു മുമ്പേ ശ്രീനാരായണ ഗുരുദേവൻ ഉദ്‌ബോധിപ്പിച്ചതാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗവേണിംഗ് ബോഡി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളോടുചേർന്ന് തൊഴിൽ പരിശീലന സൗകര്യവും ഏർപ്പെടുത്തണമെന്ന് ഗുരു നിർദ്ദേശിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ അടിസ്ഥാനതത്വങ്ങളായ അഷ്ടലക്ഷ്യങ്ങളിൽ വിദ്യാഭ്യാസം, കൃഷി, വാണിജ്യം എന്നിവ ഉൾപ്പെടുത്തിയത് ഗുരുവിന്റെ പ്രായോഗിക വിദ്യാഭ്യാസ ദർശനത്തിന്റെ തെളിവാണ്. ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനത്തിന്റെ ആഴവും പരപ്പും ശരിയായി ഗ്രഹിക്കണമെങ്കിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളിൽ കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിത പശ്ചാത്തലം മനസിലാക്കണം. തീണ്ടൽ ജാതിക്കാരായ വിദ്യാർത്ഥികളെ വരേണ്യ വർഗത്തിൽപ്പെട്ട ഗുരുക്കന്മാർ എറിഞ്ഞ് അടിക്കുന്ന രീതി അക്കാലത്ത് സർവസാധാരണമായിരുന്നു. താഴ്ന്ന ജാതിക്കാർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചു. ഇതിൽ നിന്ന് സ്വതന്ത്രരാകാൻ കാലോചിതമായ വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ കഴിയുമെന്ന് ഗുരു വിശ്വസിച്ചു. കുമാരനാശാനെ ഉന്നതവിദ്യാഭ്യാസത്തിനായി അന്യദേശത്തയയ്ക്കാൻ അദ്ദേഹം ഉത്സാഹിച്ചത് ഈ കാഴ്ചപ്പാടുമൂലമാണെന്നും തുഷാർ പറഞ്ഞു. 41 അംഗ ബോർഡിൽ ഇന്നലെ നടന്ന യോഗത്തിൽ 28 അംഗങ്ങൾ പങ്കെടുത്തു. ട്രസ്റ്റിന്റെ ഗവേണിംഗ് ബോഡിയിൽ കുറവുള്ള നാല് അംഗങ്ങളുടെ ഒഴിവ് നികത്തി. മനോജ് ജയപ്രകാശ്, അജയകുമാർ, സുന്ദരൻ കൊല്ലം, എ. സോമരാജൻ കരുനാഗപ്പള്ളി എന്നവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർ. ട്രസ്റ്റ് ജനറൽ സെക്രട്ടറി സുഭാഷ് വാസു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സദാശിവൻ ഓച്ചിറ, മണിലാൽ, രാജൻ അമ്പലത്തറ, പെപ്‌സിൻ രാജ്, വേണു ദുബായ് എന്നിവർ സംസാരിച്ചു.