മല്ലപ്പള്ളി: പുറമറ്റം കവുങ്ങുംപ്രയാർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും ശിവരാത്രി ഉത്സവവും ദശാവതാര ചാർത്തും ആരംഭിച്ചു. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരി, മേൽശാന്തി വി.എസ്.ശങ്കരൻ നമ്പൂതിരി എന്നിവരാണ് കാർമ്മികത്വം വഹിക്കുന്നതെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.ഗുരുവായൂർ മണികണ്ഠ വാര്യരാണ് ഭാഗവത സപ്താഹ യജ്ഞ ആചാര്യൻ. ആദിനാട് വേണു, മധു പുനലൂർ, മഹീന്ദ്രൻ ചേർത്തല എന്നിവരാണ് പാരായണം ചെയ്യുന്നത്. 15ലക്ഷം രൂപ ചെലവിൽ ക്ഷേത്രോപദേശക സമിതി നിർമ്മിച്ച നടപ്പന്തൽ വെള്ളിയാഴ്ച രാവിലെ 11.30ന് സമർപ്പിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ,അംഗം അഡ്വ.മനോജ് ചരളേൽ എന്നിവർ പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ പത്തിന് സമ്പൂർണ കളഭാഭിഷേകം തുടങ്ങും. വൈകിട്ട് ഏഴിന് ഏലൂർ ബിജു സോപാന സംഗീതം അവതരിപ്പിക്കും. ശിവരാത്രി നാളായ മാർച്ച് ഒന്നിന് രാവിലെ എട്ടിന് വലിയകുന്നം എം.കെ.മുരളീധരൻ ശിവപുരാണ പാരായണം നടത്തും. 11ന് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണം, യുവകലാപ്രതിഭകൾക്ക് അനുമോദനം എന്നിവ നടക്കും. വൈകിട്ട് ഏഴിന് അമ്പലപ്പുഴ സുരേഷ്‌വർമ്മ ഓട്ടൻതുള്ളൽ നടത്തും. ഒൻപതിന് ആതിര സുരേഷ് സംഗീതക്കച്ചേരി. നവകം, കലശ പൂജ, അഷ്ടാഭിഷേകം എന്നിവയ്ക്ക് ശേഷം 12.10ന് ശിവരാത്രി പൂജ തുടങ്ങും. ചുറ്റുവലത്തോട് കൂടി ശാസ്താനടയിൽ കരിക്കടി നടത്തുന്നതോടെ ഉത്സവം സമാപിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്.ആർ.സന്തോഷ്‌കുമാർ, സെക്രട്ടറി പി.പി.പ്രസാദ്, രക്ഷാധികാരി ടി.എസ്.വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.