
അടൂർ: ജനറൽ ആശുപത്രിയുടെ വികസനത്തിനായി ആശുപത്രിയുടെ പിന്നിലുള്ള ഐ. എച്ച്. ആർ. ഡി അപ്ളൈഡ് സയൻസ് കോളേജിന്റെ 1.23 ഏക്കർ ഭൂമി വിട്ടുനൽകും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന വിവിധ വകുപ്പ് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവരടക്കമുള്ളവരുടെ ഉന്നതതലയോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കെ. ഐ. പി യുടെ സ്ഥലം പകരമായി കോളേജിന് നൽകും. ഐ. എച്ച്. ആർ. ഡി യുടെ അപ്ളൈഡ് കോളേജ് മന്ദിരം നിർമ്മിക്കുന്നതിനും കാമ്പസ് ഒരുക്കുന്നതിനുമുള്ള പണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ എം. എൽ. എ ഫണ്ടിൽ നിന്ന് അനുവദിക്കും.
ഇത് സംബന്ധിച്ച നിവേദനം കഴിഞ്ഞ സർക്കാരിന് നൽകിയിരുന്നു. വിവിധ വകുപ്പുകളുടെ എതിർപ്പുകൾ കാരണമാണ് അന്ന് നടക്കാതെ പോയത്.
സംയുക്തയോഗം വിളിച്ചു ചേർക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് യോഗം ചേർന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ജലവിഭവകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു, റവന്യു വകുപ്പ്മന്ത്രി കെ. രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, ഡോ. വി. വേണു , വകുപ്പുസെക്രട്ടറിമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഒാൺലൈനായാണ് ഇന്നലെ യോഗം ചേർന്നത്. ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വകുപ്പ് സെക്രട്ടറിമാരുടെ സംയുക്തയോഗം വിളിച്ചു ചേർക്കുന്നതിനായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
വികസനത്തിന് വഴി തെളിഞ്ഞു
ജനറൽ ആശുപത്രിക്ക് നിലവിൽ രണ്ടേക്കർ സ്ഥലം മാത്രമാണുള്ളത്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലപരിമിതിയായിരുന്നു പ്രധാന പ്രശ്നം. കോളേജിന്റെ സ്ഥലംകൂടി വിട്ടുകിട്ടുന്നതോടെ വിശാലമായ പാർക്കിംഗ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ വിപുലപ്പെടുത്താനാകും. നഗരസഭാ ചെയർമാൻ ഡി. സജിയാണ് ആറ് വർഷം മുൻപ് ഇത്തരമൊരു നിർദ്ദേശം ആശുപത്രി വികസനസമിതി യോഗത്തിൽ ഉന്നയിച്ചത്.