
കോന്നി : ഇക്കോടൂറിസം സെന്ററിലെ കുട്ടിക്കൊമ്പൻ കണ്ണനെ ആനത്താവളത്തിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റിൽ കോന്നിയിലെത്തിച്ച കണ്ണനെ ഇക്കോടൂറിസം സെന്ററിലെ പൈതൃക മ്യൂസിയത്തിന്റെ മുറ്റത്ത് മുളകൾ കൊണ്ട് വേലി നിർമ്മിച്ച്, അതിനുള്ളിലായിരുന്നു ഇതുവരെ സംരക്ഷിച്ചിരുന്നത്. ടൂറിസം സെന്ററിലെത്തുന്ന സന്ദർശകർക്ക് ഇനി കണ്ണന്റെ കുറുമ്പുകൾ കാണാം. പുതിയ സ്ഥലത്ത് ചുറ്റും കമ്പിവേലികളും നിർമ്മിച്ചിട്ടുണ്ട്. ആനക്കൂടിന് മുൻപിൽ നിർമ്മിച്ച കുളത്തിൽ ദിവസവും ഉച്ചയ്ക്ക് കണ്ണനെ കുളിപ്പിക്കും.
റാന്നി വനംഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനുസമീപമുള്ള ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ആഗസ്റ്റ് 19ന് ആണ് കൂട്ടംതെറ്റിയ നിലയിൽ ഒന്നരവയസ്സ് വരുന്ന കുട്ടിക്കൊമ്പനെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും കാണുന്നത്. നാട്ടുകാർക്കൊപ്പം ഓടിക്കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ പണിപ്പെട്ടാണ് വനപാലകർ വരുതിയിലാക്കിയത്. തിരികെ കാടുകയറ്റാനായി കുട്ടിയാനയെ തേവർമല വനത്തിന് സമീപം കൂടൊരുക്കി രാത്രി പാർപ്പിച്ചെങ്കിലും അടുത്തെത്തിയ ആനക്കൂട്ടം ഒപ്പം കൂട്ടാതെ മടങ്ങിപ്പോയതോടെ വനപാലകർ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി. തുടർന്ന് സംരക്ഷണത്തിനായി കോന്നിയിലെത്തിക്കുകയായിരുന്നു. കണ്ണൻ എത്തിയതോടെ ഇക്കോടൂറിസം സെന്ററിലെ ആനകളുടെ എണ്ണവും വർദ്ധിച്ചു. പ്രദേശവാസികൾക്കും ആനത്താവളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും ഇനി മുതൽ കണ്ണന്റെ കുസൃതികൾ അടുത്തറിയും. പാപ്പാൻമാരായ ഷംസുദീൻ, വിഷ്ണു എന്നിവർക്കാണ് സംരക്ഷണച്ചുമതല.