nelluuu

പത്തനംതിട്ട : ജില്ലയിളെ പാടശേഖരങ്ങൾ നെൽകൃഷിക്ക് ഒരുങ്ങി. ഇത്തവണ 3514 ഹെക്ടറിൽ നെല്ല് വിളയും. ജ്യോതി, മണിരത്ന, ഉമ എന്നീ വിത്തുകളാണ് വിതച്ചിരിക്കുന്നത്. ജ്യോതി നൂറ് മുതൽ നൂറ്റി ഇരുപത് ദിവസത്തിനുള്ളിൽ കൊയ്തെടുക്കാം. മണിരത്നം 90 ദിവസം, ഉമ നൂറ് മുതൽ നൂറ്റിയിരുപത് ദിവസം എന്നിങ്ങനെയാണ് വിളവെടുപ്പ്.

തിരുവല്ല പെരിങ്ങര പഞ്ചായത്തിലാണ് കൂടുതൽ വിത നടന്നിട്ടുള്ളതെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് കൃഷി. ഇത്തവണ കുട്ടനാടൻ നെൽകർഷകർ ജില്ലയുടെ പലഭാഗങ്ങളിലും കൃഷിക്ക് തയ്യാറായിട്ടുണ്ട്.

ആറൻമുള പുഞ്ചയിൽ ഏറിയഭാഗവും എടുത്തിരിക്കുന്നത് കുട്ടനാട്ടുകാരാണ്.

കർഷകർക്ക് സബ്സിഡിയടക്കം ആവശ്യമായ സഹായങ്ങൾ കൃഷിവകുപ്പ് നൽകുന്നുണ്ട്. നൂറ് ശതമാനം സബ്സിഡിയോടെയാണ് വിത്തിനങ്ങൾ എത്തിച്ചത്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വിത്ത് വിതരണം. കൂലിച്ചെലവിന്റെ അമ്പത് ശതമാനവും സബ്സിഡിയായി നൽകും. വളം വാങ്ങിയതിന്റെ പണം കൃഷിഭവനിൽ നിന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് അയയ്ക്കും. വീര്യംകുറഞ്ഞ ജൈവ കീടനാശിനി കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് തളിക്കുന്നത്.

വേനലിൽ ആശ്വാസമായി മഴ

കടുത്തവേനൽ നെൽ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. നദികളിൽ നിന്നും തോടുകളിൽ നിന്നും വെള്ളം പാടശേഖരത്തേക്ക് പമ്പ് ചെയ്യുന്നുണ്ട്. ആറൻമുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെ 74 ഹെക്ടർ പാടശേഖരത്ത് പമ്പാനദിയിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ആറൻമുള പുഞ്ചയിലെ പ്രധാന ജലസ്രോതസായ പന്നിവേലിച്ചിറയിൽ നിന്ന് വെള്ളം ഒഴുക്കിവിടേണ്ട തോടുകളുടെ സംരക്ഷണഭിത്തി തകർന്നത് നന്നാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ അനുഗ്രഹമായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. വള്ളിക്കോട്, കൊടുമൺ പാടശേഖരങ്ങളിൽ തോടുകളിൽ നിന്ന് വെള്ളം എത്തിച്ചിരുന്നു.

'' ഇത്തവണ നല്ല വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കടുത്ത വേനൽ ആശങ്കയുണ്ടാക്കുന്നു. വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.

സോമശേഖരൻ, കർഷകൻ