ഇലവുംതിട്ട: മുട്ടത്തുകോണത്ത് യാത്രാ ക്ളേശം രൂക്ഷമായി. സ്കൂളുകളും കോളേജുകളും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയതോടെ മുട്ടത്തുകോണം പ്രദേശത്തെ വിദ്യാർത്ഥികൾ കിലോമീറ്ററുകൾ നടക്കേണ്ട സ്ഥിതിയായി. പത്തനംതിട്ട - പ്രക്കാനം-മുട്ടത്തുകോണം റൂട്ടിൽ നേരത്തെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തിക്കൊണ്ടിരുന്നതാണ്. കൊവിഡിന് മുൻപ് രണ്ട് സ്വകാര്യ ബസുകൾ മാത്രമായി ചുരുങ്ങി. ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്.

പത്തനംതിട്ടയിലെത്തണമെങ്കിൽ മുട്ടത്തുകോണം സ്വദേശികൾ പ്രക്കാനത്തേക്കോ ഇലവുംതിട്ടയിലേക്കാേ നടന്നെത്തി ബസുകളെ ആശ്രയിക്കണം. ഇരുഭാഗത്തേക്കും മുട്ടത്തുകോണത്ത് നിന്ന് രണ്ടര കിലോമീറ്റർ വീതം ദൂരമുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഒാട്ടോറിക്ഷകൾ മാത്രമാണ് ആശ്രയം.

നേരത്തെ പത്തനംതിട്ടയിൽ നിന്ന് പ്രക്കാനം- മുട്ടുകുടുക്ക-മുട്ടത്തുകോണം-ഇലവുംതിട്ട വഴി ചക്കുളത്തുകാവിന് ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയിരുന്നു. ലാഭകരമായിരുന്ന ഇൗ സർവീസ് മുന്നറിയിപ്പില്ലാതെ നിറുത്തിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ഇൗ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ഒാർഡിനറി ബസുകൾ ഒന്നിൽ കൂടുതൽ സർവീസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രക്കാനം, ഇലവുംതിട്ട പ്രദേശങ്ങളിൽ നിന്ന് മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ബസില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നു.

പത്തനംതിട്ടയിൽ നിന്ന് മഞ്ഞിനിക്കര, ഉൗന്നുകൽ വഴി ഇലവുംതിട്ടയ്ക്കും ചെങ്ങന്നൂരിനും കെ.എസ്.ആർ.ടി.സി ഒന്നിലേറെ സർവീസുകൾ നടത്തുന്നുണ്ട്. മുട്ടത്തുകോണം വഴി സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതരും ജനപ്രതിനിധികളും നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

-------------------------

ബസ് സർവീസുകൾ ഇല്ലാത്തതുകാരണം വിദ്യാർത്ഥികളും നാട്ടുകാരും ദുരിതം അനുഭവിക്കുകയാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇൗ റൂട്ടിൽ സർവീസുകൾ ആരംഭിക്കണം.

ശശികല, മുട്ടത്തുകോണം.