muloor

പത്തനംതിട്ട : സരസകവി മൂലൂർ എസ്.പദ്മനാഭപ്പണിക്കരുടെ 153-ാമത് ജയന്തിയും സ്മാരകത്തിന്റെ 33-ാമത് വാർഷികവും 27, 28 തീയതികളിൽ ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ നടക്കും. 27ന് ഉച്ചയ്ക്ക് ശേഷം 3.30ന് മന്ത്രി സജി ചെറിയാൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും.
28ന് രാവിലെ 10ന് കുടുംബശ്രീയും വികസനവും എന്നവിഷയത്തിൽ നടക്കുന്ന സെമിനാർ കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജിത്ത് സുകുമാരൻ നയിക്കും. നീർത്തടാധിഷ്ഠിത വികസനവും കുടുംബശ്രീയും എന്ന വിഷയം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അരുൺകുമാർ നയിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് കേരള നവോത്ഥാന സ്മൃതി കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മനോജ് പട്ടാന്നൂർ മുഖ്യപ്രഭാഷണം നടത്തും.
മാർച്ച് ഒന്നിന് രാവിലെ 10ന് കവിസമ്മേളനം മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 3.30ന് മൂലൂർ അവാർഡ് സമർപ്പണം മന്ത്രി പി.പ്രസാദ് നിർവഹിക്കും. മൂലൂർ അവാർഡിനായി ഡി. അനിൽകുമാർ രചിച്ച അവിയങ്കോര എന്ന കവിതാ സമാഹാരവും നവാഗത കവികൾക്കായുള്ള എട്ടാമത് മൂലൂർ പുരസ്‌കാരത്തിന് ജിബിൻ ഏബ്രഹാം എഴുതിയ ബുദ്ധന്റെ മകൾ എന്ന കവിതയുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എം.ജി സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ മൂലൂർ സ്മാരക സമിതിയംഗം അനുതാരയെ അനുമോദിക്കും.