പത്തനംതിട്ട: വള്ളിക്കോട് - കൊടുമൺ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നും തട്ട മാമ്മൂട് മിൽമ പ്ലാന്റിലേക്ക് വെള്ളം നൽകാനുള്ള പഞ്ചായത്ത് തീരുമാനം സർക്കാർ ഇടപെട്ട് നിറുത്തിവയ്പിക്കണമെന്ന് വള്ളിക്കോട് മണ്ഡലംകോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന വള്ളിക്കോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇന്നു രാവിലെ 10ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. വള്ളിക്കോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നുമാണ് വള്ളിക്കോട് കൊടുമൺ എന്നീ രണ്ട് പഞ്ചായത്തുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത്. പമ്പിംഗിന് ആവശ്യത്തിന് വെള്ളം ഇല്ലാത്തതു കാരണം ഇപ്പോൾ മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമാണ് വെള്ളം വിതരണംനടക്കുന്നത് . ഇത്തരമൊരു സാഹചര്യത്തിലാണ് മിൽമയ്ക്ക് വെള്ളം നൽകാൻ ശ്രമിക്കുന്നത്. മുൻ യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി ഏർപ്പെടുത്തിയ നിരോധനം നീക്കിയാണ് ഇപ്പോൾ രഹസ്യമായി മിൽമയ്ക്ക് വെള്ളമെടുക്കുന്നതിനുള്ള അനുമതി പഞ്ചായത്ത് നൽകിയിട്ടുള്ളത്. പ്രതിദിനം രണ്ടര ലക്ഷം ലിറ്റർ വെള്ളം മിൽമയ്ക്ക് വേണ്ടി വരുന്നുണ്ട്. ഇതോടെ നാട്ടുകാർക്കുള്ള വെള്ളം വിതരണം മുടങ്ങും. വള്ളിക്കോട് പഞ്ചായത്തിൽ നിന്നും വെള്ളം എടുക്കുന്നതിന് മിൽമയ്ക്ക് അനുമതി ലഭിച്ചതിന്റെ ആവശ്യമായ രേഖയുടെ അടിസ്ഥാനത്തിലാണ് ജല അതോറിറ്റിയിൽ നിന്നും സമ്മതം വാങ്ങി പൈപ്പിടാൻ പൊതുമരാമത്ത് റോഡ് മുറിക്കാൻ മിൽമ ഒന്നരലക്ഷം രൂപ അടച്ചതെന്ന് മിൽമ മാനേജർ പറയുന്നു. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഇതൊന്നും അറിഞ്ഞില്ലെന്നു വ്യാജ പ്രചാരണം നടത്തുകയാണ്. മിൽമയുടെ ചെലവിൽ തന്നെ മോട്ടോർ സ്ഥാപിച്ച് വെള്ളം എടുക്കാൻ കഴിയുന്ന സ്ഥല സൗകര്യങ്ങളുണ്ടെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രൊഫ.ജി.ജോൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, പഞ്ചായത്ത് മെമ്പർ സുഭാഷ് നടുവിലേതിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.