ചെങ്ങന്നൂർ: മകൻ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് വീടിനു തീവച്ച കേസിൽ പ്രതിക്ക് ഏഴു വർഷം തടവ്. വെണ്മണി കോടുക്കുളഞ്ഞി പൂമൂട്ടിൽ കിഴക്കെത്തിൽ വീട്ടിൽ സന്തോഷ് (50)നെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ആർ.സുരേഷ്‌കുമാർ ഏഴു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. വെണ്മണി കോടുകുളഞ്ഞി കൃഷ്ണാലയം വീട്ടിൽ മധു (50)വിന്റെ മകൻ അനൂപിനെ പ്രതി ഒന്നര മാസത്തോളം തിരുവനന്തപുരത്ത് ജോലിക്ക് കൊണ്ടുപോയിരുന്നു. മകൻ ജോലി ചെയ്ത ശമ്പളം കൊടുക്കാതിരുന്നതിനെ തുടർന്ന് കൂലി അച്ഛനായ മധു പ്രതി സന്തോഷിനോടു പല പ്രാവശ്യം ചോദിച്ചിരുന്നു. മകന് കിട്ടേണ്ട കൂലി ചോദിച്ച വിരോധം തീർക്കുന്നതിനായി ജനുവരി 13ന് വൈകിട്ട് 4ന് പ്രതി മധുവിന്റെ വസ്തുവിൽ അതിക്രമിച്ചു കയറി വീടിനു സമീപംവച്ചിരുന്ന അനൂപിന്റെ മോട്ടോർ സൈക്കിൾ കൈതൂമ്പ കൊണ്ട് അടിച്ചു പൊട്ടിച്ചു. തുടർന്നു ടാങ്കിൽ നിന്നും പെട്രോൾ എടുത്ത് മധുവും കുടുംബവും താമസിച്ചിരുന്ന വീടിനു മുകളിൽ ഒഴിച്ച് തീ വെക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മധുവിനെ പ്രതി കൈതൂമ്പ കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തി നശിച്ചു. വെണ്മണി പൊലീസ് സ്റ്റേഷനിൽ തന്നെ 2009,2012,2014 വർഷങ്ങളിൽ മൂന്ന് കേസുകളിൽ സന്തോഷ് പ്രതിയായിരുന്നു. പിഴത്തുക മധുവിനു നൽക്കുന്നതിനു കോടതി ഉത്തരവിട്ടു. പിഴ അടക്കാതിരുന്നാൽ അതിലേക്ക് ആറു മാസം തടവും വിധിച്ചിട്ടുണ്ട്.