1
പുല്ലാട് വടക്കേ കവലയിൽ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

മല്ലപ്പള്ളി : മല്ലപ്പള്ളി - പുല്ലാട് റോഡിന്റെ നവീകരണം പൂർത്തിയാകുന്നു. സെപ്തംബർ ആദ്യ ആഴ്ചയിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും അനുമതി വൈകിയാണ് ലഭിച്ചത്. 2021 ജനുവരിയിൽ ബി.എം ആൻഡ് ബി. സി നിലവാരത്തിൽ ടാറിംഗ് നടത്തിയെങ്കിലും അനുബന്ധ പ്രവൃത്തികൾക്ക് തടസം നേരിട്ടിരുന്നു. 11. 29 കിലോമീറ്റർ നവീകരണത്തിന് കേന്ദ്ര റോഡ് വികസന പദ്ധതിയിൽ 2017-18 ൽ 15 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. 57ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയാകുന്നത്.

പണികൾ പൂർത്തിയാകാതെ ദേശീയപാത കൊല്ലം ഡിവിഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈമാറ്റം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പടുതോട് ജംഗ്ഷന് സമീപവും കീഴ് വായ്പ്പൂര് പൊലീസ് സ്റ്റേഷനടുത്തും പറക്കടവിലും ബാരിക്കേഡുകൾ സ്ഥാപിക്കുക , പാറക്കടവിൽ മണിമലയാറിനോട് ചേർന്ന ഭാഗത്തെ അപകടസാദ്ധ്യത ഒഴിവാക്കുന്നതിന് ബാരിക്കേഡുകൾ പുതുതായി നിർമ്മിക്കുക, കീഴ് വായ്പ്പൂര്, വെണ്ണിക്കുളം, പുല്ലാട് വടക്കേ കവല എന്നിവിടങ്ങളോട് ചേർന്നുള്ള താഴ്ച ഒഴിവാക്കി ലോക്ക് കട്ട സ്ഥാപിക്കുക , വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ഐറിഷ് ഓടയും ഓടയ്ക്ക് സ്ളാബും സ്ഥാപിക്കുക, കീഴ് വായ്പ്പൂര് പൊലീസ് സ്റ്റേഷൻ പടി - പള്ളിപ്പടി റോഡിന്റെ തുടക്കത്തിൽ ഉയർച്ച വർദ്ധിപ്പിക്കുക, സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലം ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.