 
പന്തളം: അനധികൃത വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ വിദേശമദ്യ ശേഖരം എക്സൈസ് പിടികൂടി. കുളനട - ആറന്മുള റോഡിൽ കൈപ്പുഴഗുരുമന്ദിരത്തിന് സമീപം ചാങ്ങിഴേത്ത് കിഴേക്കേതിൽ മധുസൂദനന്റെ വീട്ടിൽ നിന്നാണ് ഇന്നലെ രാവിലെ പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മദ്യം പിടിച്ചെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.
കർണ്ണാടകയിൽ മാത്രം വില്ക്കാൻ അനുമതിയുള്ള ഒരു ലിറ്ററിന്റെ 16 കുപ്പി, 375 മില്ലിയുടെ 50 കുപ്പി, 100 ടെട്രാ പാക്കറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
വീടിന്റെ മുന്നിലും പിന്നിലും പ്രത്യേക രീതിയിൽ അടുക്കിവച്ചിരുന്ന വിറകുകൾക്ക് ഇടയിലാണ് മദ്യം ഒളിച്ചുവച്ചിരുന്നത്. 70000 രൂപ വിലവരും. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വില്പനയ്ക്കായി ഇയാൾ സൂക്ഷിച്ചിരുന്ന വൻമദ്യശേഖരവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു. അന്ന് വീടിന്റെ മച്ചിലും മുറികളിലുമായാണ് മദ്യം ഒളിപ്പിച്ചിരുന്നത്.
പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വി. ഹരീഷ് കുമാർ, ഉദ്യോഗസ്ഥരായ വിമൽ കുമാർ, രാജേഷ്, ഷിബു, ബിനേഷ് പ്രഭാകർ, ആകാശ് മുരളി, ഡബ്ല്യു സി ഒ. കവിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.