
പത്തനംതിട്ട : രണ്ടു വർഷത്തിലേറെയായി പ്രവർത്തനം നിലച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എച്ച്.എം.സി പേ വാർഡ് നവീകരിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയ്ക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ മെയിന്റനൻസ് തുകയിൽ നിന്നാണ് പണം ചെലവഴിക്കുന്നത്. എച്ച്.എം.സി പേ വാർഡിൽ 2 നിലകളിലായി 24 റൂമുകളാണുള്ളത്. റൂമുകളെല്ലാം ഇപ്പോൾ തകർന്നനിലയിലും ഉപയോഗശൂന്യവുമാണ്. എച്ച്.എം.സി പേ വാർഡിന്റെ ദുരവസ്ഥയെക്കുറിച്ച് മാദ്ധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് നഗരസഭ ചെയർമാന്റെ നിർദ്ദേശാനുസരണം നോൻ റോഡ്‌സ് മെയിന്റനൻസ് ഗ്രാന്റിൽ നിന്ന് തുക കണ്ടെത്തി നഗരസഭാ കൗൺസിലിന്റെ അംഗീകാരം നേടിയത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രവൃത്തിയുടെ ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
പേ വാർഡ് നവീകരണം കൂടാതെ ജനറൽ ഐ.സി.യു ഇടനാഴിയുടെ നവീകരണവും കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നതിനും പണം നീക്കിവച്ചിട്ടുണ്ട്.