 
മല്ലപ്പള്ളി : കോലിഞ്ചിയുടെ സുഗന്ധം കൊറ്റനാട് ഗ്രാമത്തിന് പകർന്നുനൽകിയതിന്റെ സന്തോഷത്തിലാണ് കുളത്തുങ്കൽ കൊട്ടാരത്തിൽ സോമൻനായരും ഭാര്യ രാധാമണിയും. കാട്ടുപന്നിയും കുരങ്ങും കീടങ്ങളും കാർഷികവിളകൾക്ക് ഭീഷണിയായ സാഹചര്യത്തിൽ കോലിഞ്ചി കൃഷിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു ഇവർ.
ഇടവിളയായി കൃഷി ചെയ്ത് 13,000 കിലോ കോലിഞ്ചിയാണ് ഈ വർഷം വിളവെടുത്തത്.
രണ്ടര ഏക്കറിൽ ടാപ്പിംഗ് നടക്കുന്ന റബറിന് ഇടവിളയായി കോലിഞ്ചി പരീക്ഷിക്കുകയായിരുന്നു.
മൂന്നാംവർഷം വിള പാകമാകുമെങ്കിലും കൊവിഡ് സാഹചര്യത്താൽ വിളവെടുപ്പ് നീട്ടി വയ്ക്കുകയായിരുന്നു. നടീലും സംരക്ഷണവും വിളവെടുപ്പും എല്ലാം കുടുംബാംഗങ്ങൾ നടത്തി. നടീൽ സമയത്ത് ചാണകപ്പൊടി മാത്രമായിരുന്നു വളമായി നൽകിയത്.
പന്ത്രണ്ട് വർഷം മുമ്പ് പുരയിടത്തിലുണ്ടായിരുന്ന ഒമ്പത് മൂടുകളിൽ നിന്നാണ് ഇന്ന് 850 മൂടുകളിലേക്ക് കോലിഞ്ചി കൃഷി വളർന്നതെന്ന് സോമൻനായർ പറഞ്ഞു.
അതിരൂക്ഷ ഗന്ധമുള്ള കിഴങ്ങുകളായതിനാൽ കാട്ടുപന്നികളും കീടങ്ങളും കോലിഞ്ചിച്ചെടികൾ നശിപ്പിക്കാറില്ല. മുമ്പുണ്ടായിരുന്ന മരച്ചിനിക്കൃഷി പന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചതിനാൽ ഇദ്ദേഹം കോലിഞ്ചി കൃഷിയിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. ഇടവിള കൃഷിക്കൊപ്പം അരയേക്കറിൽ വാഴയും ജാതിയും ജൈവപച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.