sree

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതമറിയുന്നതിനുള്ള അഷ്ടമംഗല്യ ദേവപ്രശ്നം ഇന്നും തുടരും. ഇന്നലെ താംബൂലാരൂഢം കുംഭംരാശിയിൽ വരുകയാൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരിൽ പരസ്പരം അഭിപ്രായഭിന്നതയും കർമങ്ങളിൽ ശ്രദ്ധാലോപവും സഹകരണക്കുറവും നിലനില്ക്കുന്നതായിക്കണ്ടു. പടിഞ്ഞാറു ഭാഗത്തു മൂലസ്ഥാനമായ ശങ്കരമംഗലത്തുമഠത്തിൽ വേണ്ടത്ര ശ്രദ്ധ നൽകണം. ധ്വജത്തിൽ മരത്തിനു പകരം കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്നത് ദോഷമായിക്കാണുന്നു. ഗരുഡമാടത്തറയിൽ വേണ്ടത്ര ശ്രദ്ധ നൽകണം. പ്രദക്ഷിണവഴിയുടെ അളവിൽ പിശകുണ്ട്. ദുർവാസാവിനാൽ പ്രതിഷ്ഠിതമായ അസാധാരണപീഠം മാറ്റിയതിന്റെ ദോഷം നിലനില്ക്കുന്നു. ആചാര്യസദസുമുഖേന ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. വടക്കുകിഴക്കുഭാഗത്ത് വേദവ്യാസനും ദുർവാസാവിനും വിളക്കുവച്ചു ആരാധിക്കുന്ന ചടങ്ങ് ഇന്ന് നിഷ്കർഷയാേടെ നടക്കാത്തതും ഈ സാന്നിദ്ധ്യങ്ങൾക്ക് ആദ്യം ആരാധിച്ചിരുന്നത് സ്ഥാനം മാറ്റി സ്ഥാപിച്ചതും പ്രധാന ദോഷമാണ്. ശില്പപരമായ വൈകല്യങ്ങളും ശ്രീലകത്തെ ജീർണതകളും ദുഷിപ്പുകളും ദുർനിമിത്തങ്ങൾക്ക് കാരണമായിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് ഭക്തിയുടെ അഭാവം പ്രകടമാണെന്നും ദേവപ്രശ്നത്തിൽ കാണുന്നു. ദേവസ്വം ദൈവജ്ഞരായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, ദേവിദാസ് ഇടയ്ക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല്യദേവപ്രശ്നം.
ക്ഷേത്രംതന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരി,മേൽശാന്തിമാർ, മറ്റു പൂജാരിമാർ, ദേവസ്വം അസി.കമ്മീഷണർ കെ.ആർ.ശ്രീലത,സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ,അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ ശ്രീപദ്മം,ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ ഗണേശ് എസ്.പിള്ള,മോഹനകുമാർ,കെ.എ സന്തോഷ്കുമാർ,പി.എം.നന്ദകുമാർ,രാജശേഖരൻ നായർ, രാജീവ് രഘു, വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ,എ.കെ.സദാനന്ദൻ, ക്ഷേത്രജീവനക്കാരായ എസ്.ശാന്ത്,ആർ.ശ്രീകുമാർ എന്നിവർ നേതൃത്വം വഹിച്ചു.