kalunk
ഇലവുംതിട്ടയ്ക്ക് സമീപം കലുങ്ക് നിർമ്മാണത്തിനായി കമ്പികൾ കെട്ടിയിരിക്കുന്നു

ഇലവുംതിട്ട: പ്രക്കാനം - മുട്ടത്തുകോണം - ഇലവുംതിട്ട റോഡ് വികസനത്തിന്റെ ഭാഗമായി കലുങ്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പ്രക്കാനം മുതൽ ഇലവുംതിട്ട വരെ റോഡിന് കുറുകെ നാല് വലിയ കലുങ്കുകളാണ് നിർമ്മിക്കുന്നത്. കലുങ്ക് നിർമ്മിച്ച ശേഷം റോഡിന്റെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തി ടാർ ചെയ്യും. കലുങ്ക് നിർമ്മാണം പൂർത്തിയാകാൻ 40 ദിവസം വേണ്ടിവരും. ഗതാഗതം തടസപ്പെടാതിരിക്കാൻ പകുതിഭാഗം വീതമാണ് നിർമ്മിക്കുന്നത്. ഇരുപത് ദിവസം കൊണ്ടാണ് ഒരു പകുതി പൂർത്തിയാകുന്നത്.

12 കിലോമീറ്റർ റോഡിന്റെ വികസനം തുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. കെ.എസ്.ടി.പിയുടെതാണ് പദ്ധതി. 34 കോടിയാണ് റോഡ് നിർമ്മാണത്തിനായി ചെലവഴിക്കുന്നത്. കയറ്റിറക്കങ്ങളും അപകട വളവുകളും നിറഞ്ഞതാണ് റോഡ്. വളവുകൾ പരമാവധി നേരെയാക്കിയും താഴ്ന്ന ഭാഗങ്ങൾ ഉയർത്തിയുമാണ് നിർമ്മാണം . പ്രക്കാനം വളവിൽ അപകടം പതിവാണ്. റോഡിൽ നിന്ന് ഇലന്തൂർ - ഒാമല്ലൂർ റോഡിലേക്കുള്ള കുത്തുകയറ്റത്തിലും നിരവേൽപ്പടി ഭാഗത്തുമാണ് അപകടങ്ങൾ നട‌ക്കുന്നത്.

ഒാമല്ലൂർ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പ്രക്കാനത്തെ താഴ്ന്ന ഭാഗം നാല് മീറ്ററിലേറെ ഉയർത്തിയാൽ മാത്രമേ അപകടങ്ങൾ ഒഴിവാകൂവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രക്കാനം മുതൽ ഇലവുംതിട്ട ഭാഗം വരെ റോഡിലെ ടാറിംഗ് ഇളകി പല ഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിന് സമീപത്തായുള്ള അപകട വളവിലും ടാറിംഗ് ഇളകിയിട്ടുണ്ട്.

'' വാഹന ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ റോഡ് നിർമ്മാണം ദ്രുതഗതിയിലക്കണം. പ്രക്കാനത്ത് താഴ്ന്ന ഭാഗങ്ങൾ ഉയർത്തിയില്ലെങ്കിൽ അപകടങ്ങൾ വർദ്ധിക്കും.

വിഷ്ണു, മുട്ടത്തുകോണം.

@ റോഡ് വികസനത്തിന് 34 കോടിയുടെ പദ്ധതി

@ താഴ്ന്ന ഭാഗങ്ങൾ ഉയർത്തും