പത്തനംതിട്ട: ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനം ഏപ്രിൽ 27, 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കും. ആദ്യമായാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയാകുന്നത്. അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഒരു ലക്ഷം യുവാക്കളുടെ റാലിയോടെ സമ്മേളനം സമാപിക്കും.

ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന സമ്മേളനം തൊടുപുഴയിലാണ് നടന്നത്. പിന്നീട് തിരുവനന്തപുരം, ആലുവ, എറണാകുളം, പാലക്കാട്, മഞ്ചേരി, കോട്ടയം, കാഞ്ഞങ്ങാട്, ആലുവ, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, തിരൂർ എന്നിവിടങ്ങളിലും നടന്നു. പതിനാലാം സംസ്ഥാന സമ്മേളനം കോഴിക്കോടാണ് നടന്നത്.

ജില്ലയിലെ സംഘടനാ ശക്തി കൂടി പരിഗണിച്ചാണ് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്നത്. 1043 യൂണിറ്റുകളും 105 മേഖലാ കമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളുമായി രണ്ട് ലക്ഷത്തോളം യുവതീ യുവാക്കൾ ജില്ലയിൽ ഡി.വൈ.എഫ്.ഐയിൽ അംഗങ്ങളാണെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് യൂത്ത് സെന്റർ എന്ന പേരിൽ നഗരത്തിൽ ബഹുനില കെട്ടിടമുണ്ട്. കൊവിഡ് കാലത്ത് ഒരു ലക്ഷം സ്‌നേഹക്കിറ്റുകളും കുരുന്നുകൾക്ക് അരലക്ഷം മധുരക്കിറ്റുകളും വിതരണം ചെയ്തു. 180 ടെലിവിഷനുകൾ നൽകി. 500 സ്‌നേഹവണ്ടികൾ നിരത്തിലിറക്കി. കരുതൽ കേന്ദ്രങ്ങളും സമൂഹ അടുക്കളകളും ആരംഭിച്ചു. കൊവിഡ് ബാധിച്ച് മരിച്ച 689 ആളുകളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പ്രവർത്തകർ ശേഖരിച്ച ആക്രി സാധനങ്ങളും മീനും പച്ചക്കറിയും വസ്ത്രങ്ങളും വിൽപ്പന നടത്തിയും കൂലിപ്പണി ചെയ്തും ബിരിയാണി വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 61,84,277 ലക്ഷം രൂപയാണ്. അഞ്ചു വർഷമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദയപൂർവം പദ്ധതിയിലൂടെ എട്ട് ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തു. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടിയ സ്ഥലത്തേക്ക് പത്തനംതിട്ടയിൽ നിന്ന് 500 യൂത്ത് ബ്രിഗേഡംഗങ്ങൾ സന്നദ്ധ സേവകരായെത്തി. ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ വാങ്ങി നൽകി. പ്രസിഡന്റ് സംഗേഷ് ജി.നായരും സെക്രട്ടറി സതീഷ് കുമാറുമാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.