 
തിരുവല്ല: കവിയൂർ പഞ്ചായത്തിലെ പോളച്ചിറ സായാഹ്ന വിശ്രമകേന്ദ്രം അവഗണനയിൽ. കവിയൂർ മഹാദേവ ക്ഷേത്രം - കാട്ടാംമാറ്റം റോഡരികിൽ പോളച്ചിറ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന് സമീപം ഒരുക്കിയിരിക്കുന്ന സായാഹ്‌ന പാർക്കാണ് കാടുകയറി ഉപയോഗശൂന്യമായത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് സായാഹ്‌ന വിശ്രമകേന്ദ്രം ഒരുക്കിയത്. റോഡിനോട് ചേർന്ന് ഇന്റർലോക്ക് കട്ടകൾ നിരത്തിയശേഷം മനോഹരമായ ഇരിപ്പിടങ്ങളും സജ്ജമാക്കിയിരുന്നു. സായാഹ്ന സവാരിക്കാർക്കും മറ്റും പച്ചപ്പണിഞ്ഞ കവിയൂർ പുഞ്ചയുടെ പ്രകൃതിരമണീയമായ കാഴ്ചയ്‌ക്കൊപ്പം ഇളംകാറ്റുകൊണ്ട് വിശ്രമിക്കാമെന്ന ലക്ഷ്യത്തോടെയാണ് പാർക്ക് ഒരുക്കിയത്. പോളച്ചിറയിലെ മത്സ്യവിത്തുൽപ്പാദന കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. തുടക്കത്തിൽ പ്രദേശവാസികൾക്ക് ആവേശമായിരുന്നു വിശ്രമകേന്ദ്രം. പിന്നീട് കൊവിഡിനെ തുടർന്ന് സൗഹൃദക്കൂട്ടങ്ങൾ ഒഴിവായതോടെ ഇരിപ്പിടങ്ങൾ കാലിയായി. ഇരുവശങ്ങളിലേക്കും മനോഹരമായി ഒരുക്കിയിട്ടിരുന്ന ഇരിപ്പിടങ്ങളിൽ കാടും വളർന്നുകയറി. ഇഴജന്തുക്കളുടെ ശല്യം കാരണം ഇവിടെ വിശ്രമിക്കാനും ആളുകൾ ഭയപ്പെടുകയാണ്. സംരക്ഷണമില്ലാതായതോടെ രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവുമുണ്ട്. മദ്യപസംഘങ്ങളും മറ്റും ഇവിടെ താവളമാക്കി. മദ്യക്കുപ്പികളും മാലിന്യങ്ങളും മറ്റും പരിസരത്ത് വലിച്ചറിയുന്നതും പതിവായിട്ടുണ്ട്. ആകെ അലങ്കോലപ്പെട്ട വിശ്രമകേന്ദ്രം അധികൃതർ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വിശ്രമകേന്ദ്രം പുനരുദ്ധരിക്കണം
തിരുവല്ല: പോളച്ചിറയിലെ സായാഹ്ന വിശ്രമകേന്ദ്രത്തിൽ വെളിച്ചം ലഭിക്കാൻ വിളക്ക് സ്ഥാപിച്ച് പുനരുദ്ധരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ കവിയൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജൻ മത്തായി, റോയി വർഗീസ്, രാഹുൽ രാജ് എന്നിവർ പ്രസംഗിച്ചു.
- ലക്ഷങ്ങൾ ചെലവഴിച്ച സായാഹ്ന പാർക്ക്
കാടുകയറി ഉപയോഗ ശൂന്യം
-ഇഴജന്തുക്കളുടെ ശല്യം
-രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം വേറെ