1
നിർമ്മാണം നടക്കുന്ന പാറത്തോട്ടിൽ പാലം

മല്ലപ്പള്ളി: മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ് വായ്പൂര് പാറത്തോട്ടിൽ പാലത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു. അഡ്വ.മാത്യുടി.തോമസ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. തോടിന്റെ ഇരു കരകളിലെയും കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. 2020 ജൂൺ മാസത്തിൽ ഭരണാനുമതി പദ്ധതിയ്ക്ക് ലഭിച്ചിരുന്നെങ്കിലും 2021 ഫെബ്രുവരി 16നാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. തുടർന്ന് കൊവിഡ് വ്യാപനം പദ്ധതി നടത്തിപ്പിന് കാലതാമസം ഉണ്ടാക്കിയെങ്കിലും 2022 ഫെബ്രുവരി ആദ്യം തന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പാലത്തോട് ഒപ്പം പറത്തോട് - മുണ്ടഴി - വേങ്ങത്താനം റോഡിന്റെ നിർമ്മാണവും നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലവും റോഡും പൂർത്തിയാകുന്നതോടെ മുണ്ടഴി പ്രദേശത്തെ അറുപതോളം കുടുംബങ്ങൾക്ക് സഞ്ചരിക്കുവാൻ ഈ പദ്ധതി പ്രയോജനപ്പെടും. കൂടാതെ വേങ്ങത്താനത്തെ ജനങ്ങൾക്കും പദ്ധതി പൂർത്തിയാകുന്നതോടെ മറ്റ് റോഡുകളിൽ എത്തിച്ചേരുന്നതിന് എളുപ്പവഴിയാകും. പാറത്തോട്ടിൽ ചപ്പാത്ത് ഉണ്ടായിരുന്നെങ്കിലും വർഷക്കാലത്ത് ശക്തമായ നീരൊഴുക്ക് ഉള്ളതിനാൽ ഇരുകരയിലും ഉള്ളവർക്ക് യാത്ര അപകടകരമായിരുന്നു. കാലവർഷത്തിന്റെ അവസാനത്തിലും വേനലിന്റെ ആരംഭത്തിലും പാറത്തോട്ടിലെ മീൻ മുട്ടിപ്പാറയിലെ വെള്ളച്ചാട്ടം കാണുവാൻ എത്തുന്ന സഞ്ചാരികൾക്ക് ഇതുവഴി യാത്ര ബുദ്ധിമുട്ട് കൂടാതെ എത്തുന്നതിനും എഴുമറ്റൂർ, ശീതക്കുളം, നാരകത്താനി, കൊറ്റൻ കുടി, പാടിമൺ , കീഴ്വായ്പൂര് എന്നിവിടങ്ങളിലേക്ക് എളുപ്പ മാർഗത്തിൽ എത്തുന്നതിനും പദ്ധതി പൂർത്തീകരണത്തിലൂടെ സാധിക്കും.

.........................

മാർച്ച് 31ന് മുമ്പായി പ്രവർത്തികൾ പൂർത്തീകരിച്ച് സഞ്ചാരത്തിനായി തുറന്ന് നല്കും. ഒപ്പം മീൻമുട്ടിപ്പാറയിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യും.

ഷാന്റി ജേക്കബ്

(മല്ലപ്പള്ളി പഞ്ചായത്തംഗം)

....................

മല്ലപ്പള്ളി പഞ്ചായത്തിലെ 7, 9 വാർഡുകളെ ബന്ധിപ്പിക്കുകയും പ്രദേശവാസികളുടെ യാത്ര ബുദ്ധിമുട്ടുകൾക്ക് ഏറെ പരിഹാരമാകും

റോസമ്മ ഏബ്രഹാം

(മല്ലപ്പള്ളി പഞ്ചായത്തംഗം)

................................

60 കുടുംബങ്ങൾക്ക് പ്രയോജനം

നിർമ്മാണച്ചെലവ് 35 ലക്ഷം