തെങ്ങമം: പള്ളിക്കൽ പ്രിയദർശിനി കോളനിയിൽ കുടിവെള്ളമെത്തിക്കാൻ നടപടിയാകുന്നു. ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് ഫണ്ട് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പൈപ്പുലൈൻ സ്ഥാപിക്കുന്നില്ല എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പ്രിയദർശിനി കോളനി. പള്ളിക്കൽ പ്രദേശം മുഴുവനും കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. ആറാട്ട് ചിറ കുടിവെള്ള പദ്ധതിയുമായി സംയോജിപ്പിക്കാനാണ് പ്രിയദർശിനി കോളനിയിലും കൊട്ടയ്ക്കാട്ട് കോളനിയിലും പൈപ്പുലൈൻ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിറ്റി എടുത്ത് നൽകിയ എസ്റ്റിമേറ്റ് പ്രകാരം കഴിഞ്ഞ വർഷം 20ലക്ഷം രൂപ അടച്ചത്. 2021 മാർച്ചിൽ 20ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റു നൽകിയിരുന്നു. കഴിഞ്ഞ വേനലും കഴിഞ്ഞ് അടുത്ത വേനലായിട്ടും വാട്ടർ അതോറിറ്റി പണി നടത്തിയില്ല. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇടപെട്ടപ്പോൾ നിലവിൽ വാട്ടർ അതോറിറ്റിയുടെ എസ്റ്റിമേറ്റ് തുകകൾ കൂടിയിട്ടുണ്ടന്നും കൂടിയ തുകക്കുള്ള എസ്റ്റിമേറ്റ് നൽകി പണമടച്ചാലെ വർക്ക് ചെയ്യു എന്നാണ് പറഞ്ഞത്. ഇത് കേരള കൗമുദി വാർത്തയാക്കിയതിനെ തുടർന്ന് ഉടൻ തന്നെ 10 ലക്ഷം രൂപയുടെ വർക്കിന് ഉടൻ തന്നെ ടെൻഡർ നടപടികൾക്ക് തീരുമാനമായതായും ബാക്കി 10 ലക്ഷം രൂപയുടെ വർക്കിന് ഉടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അസി.എക്സി.എൻജിനീയർ അറിയിച്ചു.കൊട്ടയ്ക്കാട്ട് കോളനിയിൽ 15ലക്ഷം രൂപ പൈപ്പു ലൈൻ വലിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടും എസ്റ്റിമേറ്റെടുക്കാൻ വാട്ടർ അതോറിറ്റി തയാറായിട്ടില്ല.