@ ഇരുപതിലധികം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി
@ സർവീസുകൾ വെട്ടിക്കുറച്ചു
മല്ലപ്പള്ളി: മല്ലപ്പള്ളി കെ .എസ് .ആർ. ടി .സി ഡിപ്പോയെ തകർക്കാൻ നീക്കംനടക്കുന്നതായി ആരോപണം. സ്വകാര്യ ബസുകളെ സഹായിക്കാനാണ് ഇതെന്നാണ് പരാതി. പത്തനംതിട്ട, കോട്ടയം ജില്ലാ ആസ്ഥാനങ്ങളെ തമ്മിൽ താലൂക്കുമായി ബന്ധിപ്പിക്കുന്ന, താലൂക്കിലെ കിഴക്കൻ ഭാഗങ്ങളായ കോട്ടങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിലുള്ളവരുടെ ആശ്രയമാണ് മല്ലപ്പള്ളി ഡിപ്പോ. കോട്ടയം-കോഴഞ്ചേരി, തിരുവല്ല-മല്ലപ്പള്ളി, മല്ലപ്പള്ളി-ചുങ്കപ്പാറ, കോട്ടാങ്ങൽ റൂട്ടുകളിലാണ് പ്രധാനമായും മല്ലപ്പള്ളി ഡിപ്പോയിൽ നിന്ന് ഷെഡ്യൂളുകൾ നടത്തുന്നത്. . ഏതാനും മാസങ്ങൾക്ക മുൻപ് ഡിപ്പോയിലെ ദീർഘദൂര സർവീസുകൾ നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പിൻവലിക്കാനുള്ള നീക്കംനടന്നിരുന്നു, പരാതിയെ തുടർന്ന് അധികൃതർ പിൻവാങ്ങുകയായിരുന്നു.
പ്രതിദിനം 31 സർവീസുകൾ നടത്തിയിരുന്ന ഡിപ്പോയിൽ ഇപ്പോൾ 25 സർവീസുകളാണ് നടത്തുന്നത്. സർവീസുകളുടെ കുറവ് ചൂണ്ടിക്കാട്ടി ബസുകളുടെയും ജീവനക്കാരുടെയും എണ്ണം വെട്ടിക്കുറച്ചു. പിന്നീട് സർവീസുകളും കുറച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസായി തുടങ്ങിയ മല്ലപ്പള്ളി സബ് ഡിപ്പോയിൽ പ്രാരംഭ കാലത്ത് അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ, സൂപ്രണ്ട്, നാലു ക്ലർക്കുമാർ എന്നിങ്ങനെ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ക്ലാർക്കു മാത്രമാണുള്ളത്. കൊവിഡ് മഹാമാരിയുടെ പേരു പറഞ്ഞ് എം-പാനൽ ജീവനക്കാരെ ഒഴിവാക്കി. ഈതോടെ സർവീസ് നടത്താൻ ആവശ്യത്തിനു ജീവനക്കാരില്ലാത്ത സാഹചര്യമാണ്.
ബസുകൾ നാശാവസ്ഥയിൽ
ഒരു വർഷത്തോളമായി സർവീസ് നടത്താതെയും അറ്റകുറ്റപ്പണി നടത്താതെയും കിടക്കുന്ന ബസുകൾ മിക്കവയും തുരുമ്പെടുത്തു. . ഡിപ്പോയിലെ സാങ്കേതിക തൊഴിലാളികളെ പത്തനംതിട്ടയിലെ ഡിസ്ട്രിക്ട് കോമൺ പൂളിലേക്ക് (ഡി.സി.പി) ഇൗയിടെ മാറ്റി. മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, ചാർജ്മാൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഇരുപതിലധികം ജീവനക്കാരെയാണ് മല്ലപ്പള്ളി ഡിപ്പോയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ബസുകളുടെ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യാൻ പോലും ജീവനക്കാരില്ല.