പത്തനംതിട്ട: നഗരത്തിൽ തെരുവ് നായ്ക്കൾ കാൽനട യാത്രക്കാരെ ആക്രമിക്കുന്നത് പതിവായി. ഇന്നലെ രാവിലെ പത്തനംതിട്ട ഡോക്ടേഴ്സ് ലെയ്നിൽ രണ്ടുപേരെ നായ്ക്കൾ ആക്രമിച്ചു. ഇരുവരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളും മുറികളും ഡോക്ടേഴ്സ് ലെയ്നിലായതിനാൽ നിരവധിയാളുകൾ കടന്നുപോകുന്ന വഴിയിൽ രാവിലെയും വൈകുന്നേരവും തെരുവുനായ്ക്കൾ ഭീഷണിയാണ്.
സ്റ്റേഡിയം ജംഗ്ഷൻ, അഴൂർ, അബാൻ ജംഗ്ഷൻ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കൾ കാൽനടയാത്രികരെ ആക്രമിച്ചിരുന്നു.നായ്ക്കളുടെ കടിയേറ്റ് നിരവധിയാളുകൾ ഓരോ ദിവസവും ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്.