പ്രമാടം : വികസനം നടക്കുന്ന പൂങ്കാവ്- പത്തനംതിട്ട റോഡിലെ അശാസ്ത്രീയതകൾ നാട്ടുകാർക്കും യാത്രക്കാർക്കും ഇരട്ടിദുരിതമാകുന്നു. പൊടിയഭിഷേകത്തിൽ നാട്ടുകാർ പൊറുതിമുട്ടുമ്പോൾ അപകട പരമ്പരകളാണ് വാഹന യാത്രക്കാരെ കാത്തിരിക്കുന്നത് . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് തികിടിയത്ത് മുക്കിനും ആൽത്തറ ജംഗ്ഷനും ഇടയിൽ സംഭവിച്ചത്. പലർക്കും കാര്യമായി പരിക്കേൽക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു. മറ്റ് ഭാഗങ്ങളിലും അപകടങ്ങൾ നടക്കുന്നുണ്ട്. വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കാനാണ് ഏഴ് കോടി രൂപ ചെലവിൽ റോഡ് മണ്ണിട്ട് ഉയർത്തി പുനർ നിർമ്മിക്കുന്നതെങ്കിലും പൊടിയഭിഷേകം നാട്ടുകാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ചെറിയ വാഹനങ്ങൾ കടന്നുപോയാൽ പോലും പ്രദേശമാകെ പൊടി പരക്കും. റോഡ് സൈഡിലെ വീടുകളും സ്ഥാപനങ്ങളും പൊടിയിൽ മുങ്ങിക്കുളിച്ച നിലയിലാണ്.അസഹ്യമായ പൊടിശല്യം മൂലം പ്രദേശവാസികളിൽ ചുമ, തുമ്മൽ, പനി തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചില സമയങ്ങളിൽ കാരാറുകാർ ടാങ്കറുകളിൽ വെള്ളം എത്തിച്ച് സ്‌പ്രേ ചെയ്ത് പോകാറുണ്ടെങ്കിലും പൊടിശല്യത്തിന് ശമനമില്ല. റോഡ് ഉയർത്തുന്നതിന് പാകിയ മെറ്റിലുകൾ ഇളകി കിടക്കുന്നതും ഇളക്കിയ പഴയ ടാറിംഗ് ശാസ്ത്രീയമായി ഉറപ്പിക്കാത്തതുമാണ് അപകട പരമ്പരകൾക്ക് കാരണം.
അപകടങ്ങൾ പതിവ്
ഇരുചക്ര , മുച്ചക്ര വാഹനങ്ങാണ് കൂടുതലും അപകടത്തിൽപ്പെടുന്ന്. സൈക്കളുകളിൽ സ്കൂളിൽ എത്തുന്ന കുട്ടികൾക്കും കഴിഞ്ഞ ദിവസങ്ങളിൽ വീണ് പരിക്കേറ്റു. വാഹനങ്ങളുടെ ടയറുകൾക്കടിയിൽപ്പെടുന്ന മെറ്റലുകൾ തെറിച്ചു കെട്ടിടങ്ങളുടെ ജനൽ ഗ്ലാസുകൾ തകരുകയും കാൽനട യാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് പരിക്കേൽക്കുന്നതും തുടർക്കഥയായിട്ടുണ്ട്. ശരിയായ രീതിയിൽ വെള്ളം ഒഴിക്കാത്തതും മെറ്റലുകൾ ഉറപ്പിക്കാത്തതുമാണ് പ്രതിസന്ധികൾക്ക് കാരണം. ഓട നിർമ്മാണം ഉൾപ്പടെയുള്ള അനുബന്ധ ജോലികൾ കൂടി പൂർത്തിയായെങ്കിലെ ടാറിംഗ് നടത്താൻ കഴിയു. അതുവരെ പൊടിതിന്ന് ജീവിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.
........
റോഡ് നിർമ്മാണം വേഗത്തിലാക്കണം. അപകട ഭീഷണി ഉയർത്തുന്ന പ്രദേശങ്ങളെ മെറ്റിലുകൾ ശരിയായി ഉറപ്പിക്കണം. പൊടിശല്യം ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം ഒഴിക്കണം
(നാട്ടുകാർ)