 
ചെങ്ങന്നൂർ: മുളക്കുഴ മൂന്നാം വാർഡിൽ കനത്ത മഴയിൽ തകർന്ന കനാൽ പാലത്തിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ ആരംഭിച്ചു. ഭിത്തി ഇടിഞ്ഞതോടെ കനാൽ അപകടനിലയിലായ വാർത്ത കേരളകൗമുദി നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പി.ഐ.പി കനാലിനു കുറുകെ മോടിതെക്കേതിൽ ഭാഗത്തുള്ള കനാൽപാലത്തിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞ ഡിസംബറിലാണ് തകർന്നത്. പി.ഐ.പി കനാലിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർക്ക് മുളക്കുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി. ജി. പ്രിജിലിയ കത്തും നൽകിയിരുന്നു. എഴുപതിൽപരം കുടുബങ്ങളാണ് ഈ പാലം സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. ഈ ഭാഗത്തു നിന്ന് കാൽനടയായി എം.സി റോഡിലേക്ക് എത്താനുള്ള എളുപ്പമാർഗമാണ് പാലം. വേനൽ കടുത്തതോടെ ഇറിഗേഷൻ വകുപ്പ് കനാലിലൂടെ വെളളം തുറന്നു വിട്ടിരുന്നു. പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന അവസ്ഥിയിൽ വെളളം ശക്തമായി കനാലിലൂടെ ഒഴുക്കിയത് ആശങ്ക സൃഷ്ടിച്ചിരുന്നു