
കടമ്പനാട് : കടമ്പനാട് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കി. നൂറുവർഷത്തിലധികം പഴക്കുള്ള ആശുപത്രി യാതൊരു പുരോഗതിയുമില്ലാതെ രോഗികളെ ദുരിതത്തിലാകുന്ന വാർത്ത കേരളകൗമുദി പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്തകൾ ശ്രദ്ധയിൽപെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെയും വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളുൾപ്പെടെ ആരോഗ്യമന്ത്രി വീണാജോർജിനെ നേരിൽകണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നിരവധി ആളുകൾക്കാണ് പ്രയോജനം ലഭിക്കുന്നത്. ദിനംപ്രതി നാനൂറിലധികം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഒന്നാംഘട്ടമെന്ന നിലയിൽ സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നിഷ്യൻ എന്നീ തസ്തികകൾ സൃഷ്ടിച്ചു ഉത്തരവിറങ്ങി.