പത്തനംതിട്ട : സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് മാർച്ച് നാല്, അഞ്ച്,ആറ് തീയതികളിൽ പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് മൈതാനം നിരപ്പാക്കി.
ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ നാലിന് രാവിലെ ഏഴിന് തുടങ്ങും. അഞ്ചിന് ക്വാർട്ടർ, ആറിന് സെമി, ഫൈനൽ മത്സരങ്ങൾ അരങ്ങേറും. 14 ജില്ലകളിൽ നിന്ന് ടീമുകൾ പങ്കെടുക്കും. ഏകദേശം അഞ്ഞൂറിൽപരം കായികതാരങ്ങളും അമ്പതിൽപരം ഒഫീഷ്യൽസും പങ്കെടുക്കും.
നാലിന് വൈകിട്ട് നാലിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കേരള ഹോക്കി അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, പത്തനംതിട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ, പത്തനംതിട്ട ഹോക്കി അസോസിയേഷൻ സെക്രട്ടറി അമൃത് സോമരാജ്, ട്രഷറർ വിനോദ് പുളിമൂട്ടിൽ, മാസ്റ്റേഴ്സ് ഹോക്കി ചെയർമാൻ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ആറിന് വൈകിട്ട് നാലിന് വിജയികൾക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ട്രോഫികൾ വിതരണം ചെയ്യും.