cpi

പത്തനംതിട്ട: അങ്ങാടിക്കലിലെ സി.പി.എം - സി.പി.എെ സംഘർഷത്തിന്റെ ഭാഗമായി വീടുകൾ അക്രമിച്ച സംഭവം സി.പി.എം കൊടുമൺ ഏരിയാ കമ്മിറ്റി അന്വേഷിക്കും. പാർട്ടി ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം.

അങ്ങാടിക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ അക്രമങ്ങളിൽ വീട് തല്ലി തകർത്ത സംഭവങ്ങൾ ഗൗരവമുളളതാണെന്നാണ് സി.പി.എം ജില്ലാനേതൃത്വം വിലയിരുത്തുന്നത്. കുറ്റക്കാർക്കെതിരെ തക്കതായ നടപടിക്കാണ് കൊടുമൺ ഏരിയാ നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുളളത്. എ.എെ.വൈ.എഫ് മണ്ഡലം സെക്രട്ടറിയും സി.പി.എെ ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി.പി.എം വിട്ട് സി.പി.എെയിൽ ചേർന്ന സഹദേവൻ ഉണ്ണിത്താൻ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ജനുവരി 16നാണ് സംഘർഷങ്ങൾ അരങ്ങേറിയത്. സി.പി.എെ നേതാക്കളെ നടുറോഡിലിട്ട് മർദ്ദിക്കുന്ന വീഡിയോദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുപാർട്ടികളുടെയും സംസ്ഥാന ഘടകങ്ങളുടെ നിർദേശ പ്രകാരം ജില്ലാ സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിലെ തീരുമാനങ്ങൾ സി.പി.എം ന‌ടപ്പാക്കാത്തതിൽ സി.പി.എെ പ്രവർത്തകർക്കിടയിലുണ്ടായ അമർഷം ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രകടമായിരുന്നു.