bus

പത്തനംതിട്ട : കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ സ്വകാര്യബസുകൾ ഏറെയും കട്ടപ്പുറത്ത്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന റൂട്ടുകളിൽ യാത്രാദുരിതം രൂക്ഷമായി.
കെ.എസ്.ആർ.ടി.സി ഗ്രാമീണ സർവീസുകൾ പഴയനിലയിൽ പുനരാരംഭിച്ചിട്ടില്ല. ഗ്രാമങ്ങളിൽ സ്‌കൂൾ, കോളജ്, ഓഫീസ് സമയങ്ങളിൽ പോലും ആവശ്യത്തിന് സർവീസുകളില്ല.
ജില്ലയിലെ മൂന്നിലൊന്ന് സ്വകാര്യബസുകളും സർവീസ് നടത്തുന്നില്ല. ബസുകൾ കൂട്ടത്തോടെ ഷെഡിൽ കയറ്റിയിട്ടിരിക്കുകയാണ് ഉടമകൾ. നികുതി കുടിശിക, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ അഭാവം, ഇൻഷുറൻസ് കുടിശിക തുടങ്ങിയ പ്രശ്‌നങ്ങളിലാണ് ബസുകൾ സർവീസ് നിറുത്തിവച്ചത്. കഴിഞ്ഞ ക്വാർട്ടറിലെ നികുതി കുടിശികയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്. 48 സീറ്റുകളുള്ള സ്വകാര്യബസ് മൂന്നു മാസത്തേക്ക് 30,000 രൂപ നികുതി അടയ്ക്കണം. കൊവിഡിന്റെ ആദ്യകാലങ്ങളിൽ സർവീസ് നിറുത്തിവച്ചപ്പോൾ ഇളവുകൾ ലഭിച്ചിരുന്നു. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നികുതി പൂർണമായി ഒഴിവാക്കുകയും ചെയ്തു. പിന്നീടുള്ള ക്വാർട്ടറിൽ പകുതി തുകയാണ് അടച്ചത്. എന്നാൽ, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസ നികുതി ബസുടമകളെ പ്രതിസന്ധിയിലാക്കി. ഇതിൽ ഇളവു പ്രതീക്ഷിച്ചിരുന്നവരാണ് ബുദ്ധിമുട്ടിലായത്. ഡിസംബർ 31നകം നികുതി അടയ്ക്കാൻ കഴിയാതിരുന്നവർക്ക് ബസുകൾ നിരത്തിലിറക്കാൻ കഴിയാതെയായി.

സ്വകാര്യബസിന്റെ നികുതി : 30,000 രൂപ (മൂന്ന് മാസത്തേക്ക്)


സർവീസ് മുടങ്ങാൻ കാരണം.

1. നികുതി കുടിശിക,

2. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ അഭാവം,

3. ഇൻഷുറൻസ് കുടിശിക

വലച്ചത് നികുതി

കൊവിഡിന്റെ മൂന്നാംതരംഗം എത്തിയതോടെ പല ബസുകളും സർവീസ് നിറുത്തിവച്ചു. ജനുവരിയിൽ നിരത്തിലിറങ്ങിയ ബസുകൾ നികുതിയുടെ പത്തുശതമാനം കൂടി ചേർത്താണ് പിഴ അടച്ചത്. ഫെബ്രുവരിയിൽ കുടിശിക അടയ്ക്കണമെങ്കിൽ 20 ശതമാനമാണ് പിഴ. തവണയായി നികുതി അടവിന് സർക്കാർ അനുമതിയുണ്ട്. പക്ഷെ, 50 ശതമാനം പിഴ കൂടി ചേർത്താണ് അടയ്‌ക്കേണ്ടത്. ജനുവരി മുതൽ മാർച്ച് 31വരെയുള്ള അടുത്ത ത്രൈമാസ നികുതി അടയ്ക്കാനുള്ള സമയമായെന്ന് ബസുടമകൾ പറഞ്ഞു. ഫെബ്രുവരി 14 മുതൽ മാർച്ച് 31വരെയാണ് ഇതിനുള്ള കാലാവധി.
70,000 രൂപവരെയാണ് ബസുകൾക്കുള്ള ഇൻഷുറൻസ്. യാത്രക്കാരുടെ കുറവും കൊവിഡ് പ്രതിസന്ധിയും കാരണം വരുമാനം നിലച്ച കാലയളവിലെ നികുതി, ഇൻഷുറൻസ് തുകകളിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. കേരളാബാങ്ക് മുഖേന ഓരോ ബസുടമയ്ക്കും രണ്ടുലക്ഷം രൂപയുടെ വായ്പ നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും നൂലാമാലകൾ ഏറെയായിരുന്നു. ഒമ്പതു ശതമാനം പലിശയ്ക്കുള്ള വായ്പയാണിത്. കൃത്യമായ തിരിച്ചടവിൽ പലിശയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പലരും വായ്പയ്ക്ക് അപേക്ഷിക്കാൻ യോഗ്യരായില്ല.

''ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ജനപ്രതിനിധികളെയും

സർക്കാരിനെയും ധരിപ്പിച്ചിട്ട് പരിഹാരമുണ്ടാകുന്നില്ല.

യാത്രക്കൂലി വർദ്ധിപ്പിക്കാമെന്ന വാഗ്ദാനം ഇതേവരെ പാലിച്ചിട്ടില്ല.

ലാലു പഴൂർ,

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

സംസ്ഥാന സമിതിയംഗം