aaa

പത്തനംതിട്ട: ജില്ലയിൽ അക്ഷയ കേന്ദ്രങ്ങളിൽ സേവനങ്ങൾക്ക് അമിത ഫീസ് ഇൗടാക്കുന്നതായി വ്യാപക ആക്ഷേപം. സർക്കാർ നിശ്ചയിച്ച ഫീസിന്റെ ഇരട്ടിയിലേറെ വാങ്ങുന്ന അക്ഷയ സെന്ററുകളുണ്ട്. സേവനങ്ങളുടെ വിവരങ്ങളും ഫീസ് നിരക്കുകളും പ്രദർശിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് മിക്ക അക്ഷയ കേന്ദ്രങ്ങളിലും നടപ്പാക്കുന്നില്ല. വിവിധ അപക്ഷകൾ സർക്കാരിന് സമർപ്പിക്കാനായി എത്തുന്ന പാവങ്ങളെയടക്കം പിഴിയുകയാണ്. അമിത ഫീസ് ഇൗടാക്കുന്നതിനെ ചോദ്യം ചെയ്താൽ അധികൃതർ കയർത്തു സംസാരിക്കുകയാണെന്ന് അപേക്ഷകർ പരാതിപ്പെടുന്നു. അക്ഷയ കേന്ദ്രങ്ങൾ നടത്തുന്നവർ തമ്മിൽ ധാരണയിലെത്തിയാണ് ഉയർന്ന ഫീസ് ഇൗടാക്കുന്നത്.

അടുത്തിടെ, ഇലൂന്തൂർ ബ്ളോക്കിലെ ഒരു അക്ഷയ കേന്ദ്രത്തിൽ കുറഞ്ഞ കാലയളവിലെ ബാദ്ധ്യതാ സർട്ടിഫിക്കറ്റി്ന് അപേക്ഷ അയക്കാൻ ചെന്നയാളിൽ നിന്ന് അമിത ഫീസ് വാങ്ങിയിരുന്നു. സർക്കാർ നിശ്ചയിച്ച 120രൂപയാണ് രസീതിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, അപേക്ഷകനിൽ നിന്ന് വാങ്ങിയത് 280 രൂപയാണ്. മുഴുവൻ തുകയുടെയും രസീത് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ല. ഇതേയാൾ 1986 മുതൽ 2022 ഫെബ്രുവരിയുള്ള ബാദ്ധ്യതാ സർട്ടിഫിക്കറ്റിനായി മറ്റൊരു അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് 490രൂപയുടെ സർക്കാർ നിശ്ചയിച്ച ഫീസിന്റെ രസീതാണ് നൽകിയത്. എന്നാൽ, 650രൂപയാണ് അക്ഷയ കേന്ദ്രത്തിൽ ഇൗടാക്കിയത്. മുഴുവൻ തുകയുടെയും ബില്ല് ചോദിച്ചപ്പോൾ നെറ്റ് വർക്ക് തകരാർ എന്നറിയിച്ചു.

അക്ഷയ കേന്ദ്രങ്ങൾ മുഖേന 36 സേവനങ്ങളാണ് ലഭിക്കുന്നത്. ആറ് സേവനങ്ങൾ ഫീസ് അടയ്ക്കേണ്ടതില്ല. ഒാരോന്നിനും സർക്കാർ നിശ്ചയിച്ച ഫീസ് കേന്ദ്രങ്ങളിൽ പൊതുജനങ്ങളുടെ ശ്രദ്ധയിൽ വരുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണമെന്നാണ് നിയമം. ജില്ലയിലെ പകുതിയിലേറെ കേന്ദ്രങ്ങളിൽ സേവനത്തിനുള്ള ഫീസ് നിരക്ക് പ്രദർശിപ്പിച്ചിട്ടില്ല.

പരാതി ലഭിച്ചാൽ ഉടൻ നടപടി

അക്ഷയ കേന്ദ്രങ്ങളിൽ അമിതഫീസ് ഇൗടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ജില്ലാ കോർഡിനേറ്റർ ഷെയിൻ ജോസ് പറഞ്ഞു. ഇ-ഡിസ്ട്രിക്ട് സേവനങ്ങളുടെ നിരക്കുകൾ പ്രദർപ്പിക്കണമെന്ന നിയമം നടപ്പാക്കത്തവർക്കെതിരെ നടപടിയെടുക്കും. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാണ് അപേക്ഷകരിൽ നിന്ന് വാങ്ങേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

@ ആകെ 36 സേവനങ്ങൾ

@ 6 സൗജന്യ സേവനങ്ങൾ

ആധാർ എൻറോൾമെന്റ്, കുട്ടികളുടെ ആധാർ എൻറോൾമെന്റ്, ആധാർ തൽസ്ഥിതി അന്വേഷണം, 5വയസിലും 15വയസിലും നിർബന്ധമായി നടത്തേണ്ട ബയോമെട‌്രിക് നവീകരിക്കൽ, എസ്.സി-എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് സേവനങ്ങൾ, എസ്.സി പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയാണ് സൗജന്യ സേവനങ്ങൾ