കോന്നി: ജില്ലാ പഞ്ചായത്ത്‌ മലയാലപ്പുഴ ഡിവിഷനിലെ രണ്ട് ഹയർ സെക്കൻ‌ഡറി സ്കൂളുകളിലായി സ്ത്രീ സൗഹൃദ ടോയ്ലറ്റുകളുടെ നിർമ്മാണം ആരംഭിച്ചു. മലയാലപ്പുഴ ജെ. എം.പി.എച്ച്. എസ്.എസ്, തേക്കുതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും അനുവദിച്ച 9 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. മലയാലപ്പുഴ ജെ.എം.പി.എച്ച്.എസ്.എസിലെ ടോയ്ലറ്റ് ബ്ലോക്കിന് 4 ലക്ഷവും, തേക്കുതോട് ഗവൺമെന്റ് ഹയർ സെക്കൻ‌ഡറി സ്കൂളിലെ ടോയ്ലറ്റ് ബ്ലോക്കിന് അഞ്ചു ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് ടോയ്‌ലെറ്റുകൾ റസ്റ്റ്‌ റൂം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. രണ്ട് സ്കൂളുകളിലായി നടന്ന പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി നിർവഹിച്ചു. മലയാലപ്പുഴയിൽ പി.ടി.എ പ്രസിഡന്റ്‌ ഡി. ശിവദാസും, തേക്കുതോട്ടിൽ എസ്.എം.സി ചെയർമാൻ സന്തോഷ്‌ കുമാറും അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലാ കുമാരി ചാങ്ങയിൽ, പഞ്ചായത്ത്‌ അംഗങ്ങളായ ബിജു.എസ്, കെ.ജെ ജെയിംസ്, സുലേഖ ടീച്ചർ,രഞ്ജിത്, അധ്യാപകരായ ഗീതാ കുമാരി, രാധാകൃഷ്ണൻ, ബിന്ദു, റെജി കുമാർ, മഹേഷ്‌ കുമാർ, മുരളീധരൻ, ജയലാൽ എന്നിവർ സംസാരിച്ചു.