
അടൂർ : അടൂർ നഗരസഭയിലെ പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രീ മെട്രിക് ഹോസ്റ്റിലന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു. ഡയറക്ടർ രാജമാണിക്യവുമായി നഗരസഭ ചെയർമാൻ ഡി. സജി നടത്തിയ ചർച്ചയെ തുടർന്നാണ് തുക അനുവദിച്ചത്. . നഗരഭയുടെ നാലാംവാർഡിലാണ് ഹോസ്റ്റൽ. മുപ്പതോളം പട്ടികജാതി പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടിവിടെ. ഇപ്പോൾ 19 കുട്ടികളുണ്ട്. രണ്ട് നിലയിലുള്ള കെട്ടിടമുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താതെ തകർച്ച നേരിടുകയാണ്. സൗജന്യമായി താമസിക്കുന്നതിനും ഭക്ഷണം, ട്യൂഷൻ, യൂണിഫോം ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനായി 2009 ഒക്ടോബർ 19 നാണ് ഹോസ്റ്രൽ തുറന്നത്. കെട്ടിടത്തിന് സമീപം തെരുവ് വിളക്കുകളില്ല. ഇതിന് പരിഹാരമായി സോളാർ വിളക്ക് കവാടത്തിൽ സ്ഥാപിച്ചെങ്കിലും അതും തകരാറിലാണ്.
നവീകരണം ഇങ്ങനെ
നിലവിലുള്ള മതിലിന്റെ ഉയരം വർദ്ധിപ്പിക്കുന്നതിനൊപ്പം ബലക്ഷയം വന്ന ഭാഗം പുനർനിർമ്മിക്കും
മതിലിന് മുകളിൽ ഗ്രില്ല് സ്ഥാപിക്കും
ഹോസ്റ്റിലിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യും
തുണി അലക്കുന്നതിനും ഉണക്കുന്നതിനും പ്രത്യേക സംവിധാനം,
അടുക്കള നവീകരിക്കുന്നതിനൊപ്പം തകരാറിലായ ടൈലുകൾ മാറ്റിസ്ഥാപിക്കും,
സിറ്റൗട്ടിൽ ഗ്രാനൈറ്റ് പതിപ്പിക്കും
21 ജനാലകൾക്കും നിലവാരമുള്ള കർട്ടൻ.
-------------------
പ്രീമെട്രിക് ഹോസ്റ്റലിനെ അത്യന്താധുകമാക്കി മാറ്റുകയാണ് ലക്ഷ്യം. ഫണ്ടിനുള്ള അനുമതി ലഭിച്ചതോടെ സമയബന്ധിതമായി പണികൾ പൂർത്തീകരിക്കും.
ഡി. സജി,
ചെയർമാൻ, അടൂർ നഗരസഭ
------------------------
ഹോസ്റ്റലിന് സമീപം രാത്രികാലത്ത് വെളിച്ചമില്ലെന്ന പരാതിക്ക് പരിഹാരമായി ഇവിടേക്ക് സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനായി 10 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
രജനി രമേശ്,
നഗരസഭ കൗൺസിലർ, നാലാംവാർഡ്