25-turmeric-seeding
വിഷ രഹിത ഹരിത ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിക്കുന്നു

പന്തളം: തെക്കേക്കര പഞ്ചായത്തിൽ മുഴുവൻ ജനങ്ങൾക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. എല്ലാവിധ ഭക്ഷ്യവസ്തുക്കളും പഞ്ചായത്തിൽ തന്നെ വിഷരഹിതമായി ഉത്പാദിപ്പിക്കുന്നതിനും അവ തട്ടയുടെ സ്വന്തം ബ്രാൻഡിൽ പഞ്ചായത്തിന് അകത്തും പുറത്തും ലഭ്യമാകുന്ന വിധത്തിൽ പൊതുവിപണിയിൽ എത്തിക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ആദ്യഘട്ടമായി ഏറ്റവും കൂടുതൽ വിഷം കലർത്തപ്പെടുന്ന മഞ്ഞൾ, വെളിച്ചണ്ണ എന്നിവയിൽ സ്വയംപര്യപ്തതയിലേക്ക് എത്തുന്നതിനായി ഈ വർഷം പദ്ധതികൾ നടപ്പാക്കുന്നു. നിലവിലെ കൃഷിക്ക് പുറമെ ഈ വർഷം 21 ഹെക്ടർ സ്ഥലത്തുകൂടി മഞ്ഞൾ കൃഷി വ്യാപിപ്പിക്കും 600 കർഷകരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.അത്യുൽപ്പാദന ശേഷിയുള്ള പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്തുകൾ കർഷകർക്ക് നല്കി, ഗുണമേന്മയുള്ള മഞ്ഞൾ ഉല്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മാർക്കറ്റിംഗിലും കർഷകരെ പ്രാപ്തമാക്കാൻ ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. മഞ്ഞൾ വിത്തുവിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി വിദ്യാധരപ്പണിക്കർ അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ ലാലി, പഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ വർഗീസ്, എ.കെ.സുരേഷ്, അംബിക, ശ്രീകുമാർ, കൃഷി അസിസ്റ്റന്റ് ജിജി എന്നിവർ പങ്കെടുത്തു.പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മായം കലരാത്ത വെളിച്ചണ്ണ ഉല്പാദിപ്പിച്ച് തെക്കേക്കര ബ്രാൻഡിൽ ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കാർഷിമേഖലയിൽ ഉൽപ്പാദനം, വിപണനം തുടങ്ങിയ പ്രശ്‌നങ്ങളിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് കൃഷിവകുപ്പും പന്തളം തെക്കേക്കര പഞ്ചായത്തും ശ്രമം നടത്തുന്നത്.