idathavalam
തിരുവല്ലയിൽ ശബരിമല ഇടത്താവളത്തിന്റെ പൈലിംഗ് ജോലികളുടെ ഉദ്ഘാടനം നഗരസഭാ ചെയർചെയർപേഴ്‌സൺ ബിന്ദു ജയകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: നഗരസഭയുടെ ഉടമസ്ഥതയിൽ ശബരിമലയുടെ സ്ഥിരം ഇടത്താവളം നിർമ്മിക്കുന്നതിന്റെ പൈലിംഗ് ജോലികൾ തുടങ്ങി. തിരുവല്ലയിൽ കഴിഞ്ഞ 26 വർഷമായി താത്ക്കാലിക ഇടത്താവളമാണ് ഒരുക്കിയിരുന്നത്. നഗരത്തിലെ സ്വകാര്യ ബസ്‌സ്റ്റാൻഡിന് സമീപം മുനിസിപ്പൽ മൈതാനത്തിന്റെ ഭാഗത്താണ് ഇടത്താവളത്തിനായുള്ള സ്ഥിരം കെട്ടിടം പണിയുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 40 ലക്ഷവും നഗരസഭയുടെ 35 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരുനിലകളിലായി ഇടത്താവളം സജ്ജമാക്കുന്നത്. 600 ചതുരശ്ര മീറ്ററാണ് വിസ്തീർണം. കെട്ടിടത്തിന് 23 മീറ്റർ നീളവും 12.50 മീറ്റർ വീതിയുമാണുള്ളത്. താഴത്തെ നിലയിൽ ഭക്ഷണശാല, അടുക്കള, രണ്ട് മുറികൾ, എട്ട് ശൗചാലയങ്ങൾ, തുണി കഴുകൽ കേന്ദ്രം എന്നിവ 3000 ചതുരശ്ര അടിയിൽ ഒരുക്കും.

പൈലിംഗ് ജോലികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ നിർവഹിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോസ് പഴയിടം, മുൻസിപ്പൽ കൗൺസിലർമാരായ ജിജി വട്ടശേരിൽ, വിജയൻ തലവന, റെജിനോൾഡ് വർഗീസ്, രാഹുൽ ബിജു, മാത്യൂസ് ചാലക്കുഴി, നഗരസഭാ സെക്രട്ടറി വി.പി.ഷിബു, അയ്യപ്പധർമ പരിഷത്ത് ജില്ലാ പ്രസിഡന്റ് ലാൽ നന്ദാവനം, മുൻസിപ്പൽ എൻജിനീയർ ക്ലമന്റ്, ഓവർസിയർ രതീഷ് എന്നിവർ പങ്കെടുത്തു.

അടുത്ത സീസൺ മുമ്പ് പണി പൂർത്തീകരിക്കും

മുകളിലത്തെ നില പൂർണമായി വിരിവെക്കാനും വിശ്രമിക്കാനും ഉള്ളതാണ്. അടുത്ത ശബരിമല സീസണിന് മുന്നോടിയായി ഇടത്താവളം പണിപൂർത്തീകരിച്ച് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

നഗരസഭയുടേത് 35 ലക്ഷം

സംസ്ഥാന സർക്കാരിന്റെ 40 ലക്ഷം

............................

600 ചതുരശ്ര മീറ്ററാണ് വിസ്തീർണം

കെട്ടിടത്തിന് 23 മീറ്റർ നീളവും 12.50 മീറ്റർ വീതി