birds-club
ക്രിസ്ത്യൻ കോളജിൽ നടത്തിയ ക്യാമ്പസ്‌ ബേർഡ് കൗണ്ടിന്റെ ഭാഗമായി വിദ്യാർഥികൾ പക്ഷികളുടെ കണക്കെടുപ്പ് നടത്തുന്നു

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ ഭൂമിത്രസേന ക്ലബിന്റെയും ബേർഡ്സ് ക്ലബ്‌ ഇന്റർനാഷണൽ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാമ്പസ് ബേർഡ് കൗണ്ട് പരിപാടി നടത്തി. ലോകത്തെങ്ങുമുള്ള പക്ഷിനിരീക്ഷകരും വിദ്യാർത്ഥികളും ഒട്ടനവധി സാധാരണക്കാരും ഒത്തുചേരുന്ന ജനകീയ പക്ഷി കണക്കെടുപ്പ് പരിപാടിയായ ഗ്രേറ്റ് ബാക്ക്യാർഡ് ബേഡ് കൗണ്ട് (ജി.ബി.ബി.സി) ന്റെ ഭാഗമായാണ് കാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചത്. പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണം ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ഇന്ത്യയിലെ കൂട്ടായ്മയായ ബേർഡ് കൗണ്ട് കളക്റ്റീവ് ഇന്ത്യ മുൻകൈ ഏടുത്താണ് എല്ലാ വർഷവും ഈ ജനകീയ പക്ഷി കണക്കെടുപ്പ് സംഘടിപ്പിക്കുന്നത് . ഇതിന്റെ ഭാഗമായ ക്യാമ്പസ് ബേർഡ് കൗണ്ടിൽ പക്ഷി നിരീക്ഷണത്തിൽ അഭിരുചിയുള്ള ഏതു വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഈ വർഷത്തെ ക്യാമ്പസ് ബേർഡ് കൗണ്ട് ഫെബ്രുവരി 18 മുതൽ 21 വരെയാണ് നടന്നത്. ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ നിന്നും ഇതിന്റെ ഭാഗമായി 19 ഇനം പക്ഷികളെ രേഖപ്പെടുത്തുവാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം 17 ഇനം പക്ഷികളെയാണ് രേഖപ്പെടുത്തിയിരുന്നത്. കരിയിലക്കിളികൾ ആണ് ഏറ്റവും കൂടുതലായി കാണാൻ കഴിഞ്ഞ പക്ഷി. ക്യാമ്പസിലെ തേനീച്ചക്കൂട്ടിൽ നിന്നും പറന്നു പൊങ്ങുന്ന തേനീച്ചകളെ വായുവിൽ വച്ച് അകത്താക്കുന്ന നാട്ടുവേലിത്തത്തയുടെ മിടുക്ക് കാണാൻ പക്ഷി നിരീക്ഷണത്തിനിടെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് പക്ഷികളുടെ എണ്ണത്തിലും അവയുടെ വാസപ്രദേശങ്ങളിലും മാറ്റമുണ്ടോ എന്നും കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ മാറ്റങ്ങളും പക്ഷികളെ എങ്ങനെയൊക്കെ ബാധിക്കുന്നു, എന്നുമൊക്കെ മനസിലാക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഭൂമിത്രസേന ക്ലബ് കോർഡിനേറ്റർ ഡോ.ആർ.അഭിലാഷ്, ബിജി ഏബ്രഹാം, വിദ്യാർഥികളായ ദിയ ബാബു, മുകിൽ വിനായക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.