അടൂർ: ഒാർമ്മ തിരിച്ചുകിട്ടിയ ആശാദേവി ബീഹാറിലെ സ്നേഹബന്ധങ്ങൾക്കരികിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ എട്ടിന് നൂറനാട് നിന്നാണ് ഒാർമ്മ നഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞുനടന്ന ബീഹാർ സ്വദേശിനിയായ ആശാദേവി (30)യെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് യാചകപുനരധിവാസകേന്ദ്രം കൂടിയായ മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
നൂറനാട് സർക്കിൾ ഇൻസ്‌പെക്ടർ വി. ആർ. ജഗദീഷ്, എ.എസ്.ഐ. പുഷ്പശോഭൻ, ജനമൈത്രിബീറ്റ് ഓഫീസർ ആർ. രജനി, പാലമേൽപഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ് എന്നിവർ ചേർന്നാണ് ഇവരെ അഭയകേന്ദ്രത്തിലെത്തിച്ചത്.
ഓർമ്മ തിരികെ ലഭിക്കുകയും, ആരോഗ്യവതിയാവുകയും ചെയ്തപ്പോൾ തന്റെ മേൽവിലാസവും ജീവിത സാഹചര്യവും ആശാദേവി അധികൃതരോട് പറഞ്ഞു. ബീഹാർ വനമേഖലയിലെ ഉൾഗ്രാമമായ കൈമൂർ സ്വദേശിനിയായിരുന്നു ആശാദേവി .തുടർന്ന് ബീഹാറിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. പാറ്റ്‌ന ജില്ലയിലെ ഭഗവൻപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സഞ്ജയ് കുമാർആശാദേവിയുടെ ഗ്രാമം തിരിച്ചറിഞ്ഞു. ഭർത്താവ് കമലേഷ് ബിന്ദിനും മക്കളായ കരിഷ്മ (8), രെതിക (4) എന്നിവരോടുമൊപ്പമായിരുന്നു താമസം. ഒന്നരമാസമായി ആശാദേവിയെ കാണാതായിട്ട്. എങ്ങനെയോ ഉണ്ടായ ഓർമ്മക്കുറവിലാണ് അലഞ്ഞുതിരിഞ്ഞ് കേരളത്തിലെത്തിയത്. ദുഃഖിതരായി കഴിയുകയായിരുന്നു കുടുംബം. മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും, സെക്രട്ടറി പ്രീഷിൽഡയും ചേർന്നാണ് ആശാദേവിയെ വീട്ടിലെത്തിച്ചത് . പുതുജീവിതത്തിന്റെ ആഹ്ളാദത്തിലാണ് കുടുംബം.